പിണറായിയിലേത് കൊലപാതകങ്ങളെന്ന് കുറ്റസമ്മതം: കുട്ടികളുടെ മാതാവ് അറസ്റ്റില്‍
കണ്ണൂര്‍: പിണറായി പടന്നക്കരയിലെ കുടുംബത്തിലെ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ നാലുപേരുടെ ദുരൂഹമരണത്തിനിടയായ സംഭവത്തില്‍ കുട്ടികളുടെ മാതാവായ സൗമ്യ അറസ്റ്റില്‍.
ഇന്നലെ പത്ത് മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് നാലുപേരെയും വിഷം കൊടുത്തുകൊന്നതാണെന്ന് സൗമ്യ സമ്മതിച്ചത്. ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന സൗമ്യ അവസാനം കുറ്റം ഏറ്റുപറയുകയായിരുന്നു.
ഇതോടെ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ മരിച്ച നാലുപേരുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ പൊലിസ് സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സുഖജീവിതത്തിന് മക്കളും മാതാപിതാക്കളും തടസമാകുമെന്നതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലിസിനോട് സൗമ്യ പറഞ്ഞതായും അറിയുന്നു.
സൗമ്യയുടെ മാതാവ് വടവതി കമലയുടേയും പിതാവ് കുഞ്ഞിക്കണ്ണന്റേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ആന്തരികാവയവ പരിശോധനയില്‍ അലൂമിനിയം ഫോസ്‌ഫേറ്റ് അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അമ്മയ്ക്ക് കറിയിലും അച്ഛന് രസത്തിലുമാണ് വിഷം കലര്‍ത്തിയത്. വിഷം ശരീരത്തില്‍ പെട്ടെന്ന് വ്യാപിക്കാനായി ഇരുവരെയും ധാരാളം വെള്ളം കുടിപ്പിച്ചതായും സൗമ്യ സമ്മതിച്ചതായി പൊലിസ് പറഞ്ഞു.
തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് കേസന്വേഷണം നടത്തുന്ന തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ സൗമ്യയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രഘുരാമന്റെ നേതൃത്വത്തിലുള്ള സംഘം തലശ്ശേരി റസ്റ്റ് ഹൗസില്‍ വെച്ചാണ് സൗമ്യയെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മൂന്നു യുവാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന. യുവാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍കണ്ടി വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(78), ഭാര്യ കമല(65), പേരക്കുട്ടികളായ ഐശ്വര്യ കിഷോര്‍,(8) കീര്‍ത്തന കിഷോര്‍ (ഒന്നര) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."