തൃശൂര്‍പൂരം: വെടിക്കെട്ടിന് അനുമതിയായില്ല, പൂരപ്രേമികള്‍ ത്രിശങ്കുവില്‍
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരം വെടിക്കെട്ടിന് ഇനിയും അനുമതി ലഭിച്ചിട്ടില്ലെന്നത് പൂരപ്രേമികളെ ത്രിശങ്കുവിലാക്കുന്നു. പൂരക്കാഴ്ച്ചയുടെ ഹര്‍ഷാനന്ദമായ വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്. നാടിന്റെ നാനാവഴികള്‍ ഒഴുകിയെത്തുന്ന തൃശൂര്‍പൂരത്തിന്റെ ഉത്സവലഹരി കരിമരുന്ന് പ്രയോഗമാണ്. ആകാശത്ത് വര്‍ണ്ണപൊലിമയോടെ പൂത്തിരി ചിതറുന്ന വര്‍ണകാഴ്ച്ച കാണികളുടെ ആവേശവും ആഹ്ലാദവുമാണ്. പൂരമെന്നാല്‍ തൃശൂര്‍ പൂരമെന്ന വാമൊഴി വഴക്കം ഇതിനെയാണ് അന്വര്‍ഥമാക്കുന്നത്. തിരുമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ മത്സരിച്ച് നടത്തുന്നതാണ് വെടിക്കെട്ട്. കേരളത്തിനകത്തും പുറത്തും പെരുമയുള്ള തൃശൂര്‍ പൂരത്തിന്റെ യശ്ശസ് വിശ്വന്തോളമാണെന്ന് ആലങ്കാരികമായും പറയാം. മേടംപിറന്നാല്‍ പൂരപ്രേമികളുടെ മെയ്യും മനവും പിന്നെ തൃശൂര്‍ പൂരത്തിലാണ്. കൊമ്പും കുഴലും ആനയും അമ്പാരിയുമായി വടക്കുംനാഥന്റെ അങ്കണം ശബ്ദമുഖരിതമാകുന്ന സുദിനം. കരിവീരന്മാരുടെയും ആനച്ചമയങ്ങളുടെയും നിറക്കാഴ്ച്ച. ഉത്സവലഹരിയില്‍ മതിമറന്നാടുന്ന ജനത. നാടിന്റെ നാനാവഴികള്‍ ഒഴുകിയെത്തുന്ന ലോപമില്ലാത്ത കാരുണ്യം...! പൂരമെന്നാല്‍ തൃശൂര്‍ പൂരമെന്ന പേരും പെരുമയും ലഭിച്ചത് ഇതുകൊണ്ടൊക്കെയാണെങ്കിലും അതിനേറ്റം മാറ്റുകൂട്ടുന്നത് വെടിക്കെട്ടാണ്. വെടിക്കെട്ടില്ലെങ്കില്‍ പൂരപറമ്പ് ആരവമൊഴിഞ്ഞ അങ്ങാടിപോലെയാകും. കരിമരുന്ന് പ്രയോഗത്തിലെ അവധാനതയില്ലായ്മയാണ് വെടിക്കെട്ടിന് നിയമം പലസ്ഥലത്തും വിലങ്ങുതടിയാകുന്നത്. ദേശകമ്മിറ്റികളുടെ മത്സരാവേശം വാശിയിലും വീറിലും നിയമത്തെ കാറ്റില്‍ പറത്തുമ്പോഴാണ് മിക്കപ്പോഴും വെടിക്കെട്ടപകടത്തിന് കാരണമാകുന്നത്. പറയും കുഴിമിന്നലും വാശിയില്‍ നിയമം മറന്നാകുമ്പോള്‍ വെടിക്കെട്ട,് അപകടത്തിന് വഴിമരുന്നാകുന്നു. വെടിക്കെട്ടപകടം സംബന്ധിച്ച അന്വേഷണങ്ങളും നിഗമനങ്ങളും ഇതിനെയാണ് സാധൂകരിക്കുന്നത്. വെടിക്കെട്ടിന് വീര്യം കൂട്ടാന്‍ അനുവദനീയ അളവിലും കൂടുതല്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് പരസ്യമായ രഹസ്യമാണ്. പൊട്ടാസ്യം ക്ലോറൈഡ് പോലുള്ളവയാണ് ഇതിനായുപയോഗിക്കുന്നത്. തൃശൂര്‍ പൂരം വെടിക്കെട്ടിനായി സംഭരിച്ച വെടിമരുന്നിന്റെ പരിശോധനയില്‍ ഇവയില്ലെന്ന് വ്യക്തമായിട്ടും വെടിക്കെട്ടിനുള്ള അനുമതി വൈകുന്നതില്‍ അതൃപ്തരാണ് ദേവസ്വം കമ്മിറ്റികളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."