ആര്‍മി റിക്രൂട്ട്‌മെന്റ് മുന്‍ സൈനികരുടെ തട്ടിപ്പില്‍ കുടുങ്ങരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ആര്‍മി റിക്രൂട്ട്‌മെന്റ് റാലികളുടെ പേരില്‍ മുന്‍ സൈനികര്‍ നടത്തുന്ന തട്ടിപ്പില്‍ കുടുങ്ങരുതെന്ന് മുന്നറിയിപ്പ്. റിക്രൂട്ട്‌മെന്റ് റാലികളുടെ പേരില്‍ മുന്‍ സൈനികര്‍ നടത്തുന്ന തട്ടിപ്പില്‍ സൈനിക തലത്തില്‍ യാതൊരു നടപടിയും എടുക്കാനാകില്ലെന്നും കേരളം ഉള്‍പ്പെടുന്ന ബംഗളൂരു സോണിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ(റിക്രൂട്ടിങ്) ബ്രിഗേഡിയര്‍ പി.എസ്.ബജ്‌വ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന റിക്രൂട്ട്‌മെന്റ് റാലിയുടെ തുടക്കത്തില്‍ തന്നെ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചവരെ പിടികൂടിയിരുന്നു. തട്ടിപ്പിനുള്ള ഏതു ചെറിയ സാധ്യതയും കണ്ടെത്തി തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് റാലിയോടനുബന്ധിച്ച് നടത്തിയത്. രേഖകള്‍ പരിശോധിക്കുകയും തുടര്‍ന്ന് ബാര്‍കോഡ്, ബയോമെട്രിക്ക് പോലുള്ള നൂതനമായ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ സുതാര്യത ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. രേഖകള്‍ അതാത് ലോക്കല്‍ പൊലിസ് സ്റ്റേഷന്‍, വിദ്യാഭ്യാസ ബോര്‍ഡ്, സ്‌പോര്‍ട്‌സ് വിഭാഗം എന്നിവിടങ്ങളില്‍ അയച്ച് അതിന്റെ സത്യാവസ്ഥ ഉറപ്പ് വരുത്തുകയും ചെയ്യുന്നു. തിരുവനന്തപുരത്തെ റാലിയില്‍ 31,000 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 16,000 പേര്‍ ഇതുവരെ പങ്കെടുത്തു. ശാരീരികക്ഷമതാ പരീക്ഷകള്‍ പാസായ 1800 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. ജൂലൈ 29ന് നടക്കുന്ന പൊതുപ്രവേശന പരീക്ഷയില്‍ ഏകദേശം 1500-1600 ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാ മത്സരപരീക്ഷയിലും വിജയിച്ചവര്‍ക്ക് ഒഴിവനുസരിച്ച് ഈ വര്‍ഷം സെപ്റ്റംബറില്‍ കരസേനയില്‍ ചേരാനാകുമെന്ന് കരുതുന്നതായി ബ്രിഗേഡിയര്‍ പി.എസ്.ബജ്‌വ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കന്‍ ജില്ലകളിലുള്ളവര്‍ക്കു വേണ്ടി നടക്കുന്ന റാലി നാളെ അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."