വര്‍ണ വിസ്മയങ്ങളുടെ കുടമാറ്റക്കാഴ്ചകളുമായി തൃശൂര്‍ പൂരം
തൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് നിറഞ്ഞുകവിഞ്ഞ പുരുഷാരത്തിനും ടെലിവിഷന്‍ ചാനലുകളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുമ്പിലെത്തിയ പതിനായിരങ്ങള്‍ക്കും വര്‍ണവിസ്മയങ്ങളുടെ മഴവില്‍ കാഴ്ചകള്‍ സമ്മാനിച്ച് തൃശൂര്‍ പൂരത്തിന്റെ വിശ്വപ്രസിദ്ധ ചടങ്ങായ കുടമാറ്റം.
തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ക്കായി തെക്കെഗോപുര നടയില്‍ അണിനിരന്ന പതിനഞ്ച് വീതം കരിവീരന്മാരുടെ മുകളിലാണ് ആലവട്ടവും വെണ്‍ചാമരവും വര്‍ണക്കുടകളും നിറങ്ങളുടെ തിരമാല തീര്‍ത്തത്.
മേളപ്പെരുക്കത്തിന്റെ കാലക്കണക്കുകള്‍ക്കൊപ്പിച്ച് താളമിട്ടലച്ച് കയറുന്ന പുരുഷാരപ്പെരുമ തേക്കിന്‍കാട് മൈതാനത്തെ മറ്റൊരു വര്‍ണക്കടലാക്കി മാറ്റി. രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെ പൂരത്തിന് വിളിച്ചുണര്‍ത്തായി. തുടര്‍ന്ന് താളമേളങ്ങളോടെ ഘടകപ്പൂരങ്ങള്‍ ശ്രീമൂലസ്ഥാനത്തേക്കു വരവ് തുടങ്ങി.
പഴയനടക്കാവില്‍ മഠത്തില്‍ വരവിന്റെ ആകര്‍ഷണമായ പഞ്ചവാദ്യത്തിനു പതിവു പോലെ ആയിരങ്ങള്‍ കാണികളായി. ഉച്ചക്ക് 2.30 ഓടെയായിരുന്നു പാറമേക്കാവ് ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളത്ത്. പാറമേക്കാവ് ദേവസ്വത്തിന്റെ ആന ശ്രീപത്മനാഭന് ശാരീരിക ക്ഷീണമുളളതിനാല്‍ ഗുരുവായൂര്‍ നന്ദന്റെ പുറത്ത്, പെരുവനം കുട്ടന്‍മാരാരുടെ ചെമ്പട മേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി പുറത്തേക്കെഴുന്നുളളി. തുടര്‍ന്ന് രണ്ട് മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ഇലഞ്ഞിത്തറയില്‍ പ്രസിദ്ധ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി.
വൈകിട്ട് അഞ്ചരയോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ തെക്കേ ഗോപുരനടയില്‍ മുഖാമുഖം അണിനിരന്നു. തുടര്‍ന്ന് പ്രസിദ്ധമായ കുടമാറ്റത്തിന്റെ വര്‍ണവിസ്മയങ്ങള്‍ക്ക് ലോകം സാക്ഷിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."