ലോകത്തെ ഏറ്റവും വലിയ കറന്‍സി സ്വന്തമാക്കി സൈതലവി നാട്യമംഗലം
കൊപ്പം: ലോകത്തെ ഏറ്റവും വലിയ കറന്‍സി സ്വന്തമാക്കി സൈതലവി നാട്യമംഗലം ശ്രദ്ധേയനാവുന്നു. ബ്രിട്ടീഷുകാരില്‍ നിന്ന് രാജ്യം സ്വതന്ത്രമായതിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മലേഷ്യന്‍ സര്‍ക്കാര്‍ ബാങ്ക് നെഗ്രാ മലേഷ്യയിലൂടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്. 60 റിങ്ഗിറ്റിന്റെയും 600 റിങ്ഗിറ്റിന്റെയും മലേഷ്യന്‍ കറന്‍സികളാണ് പുതുതായി പുറത്തിറങ്ങിയവ.
വലിപ്പത്തിന്റെ കാര്യത്തില്‍ ലോക റിക്കാര്‍ഡുകാരനാണ് ഈ അറുനൂറുകാരന്‍. 37 സെന്റീമീറ്റര്‍ നീളവും 22 സെന്റിമീറ്റര്‍ വീതിയുമുള്ള ഈ നോട്ടിന് 28000 ഇന്ത്യന്‍ രൂപയുടെ മൂല്യമുണ്ട്. ഫിലിപ്പൈന്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപയുടെ കറന്‍സി മുമ്പ് പുറത്തിറക്കിയെങ്കിലും അതിനിത്ര വലിപ്പമുണ്ടായിരുന്നില്ല.
മലേഷ്യന്‍ സര്‍ക്കാര്‍ അറുനൂറിന്റെ ആറായിരം നോട്ടുകളാണ് ആകെ പുറത്തിറക്കിയത്. അതില്‍ രണ്ടായിരം നോട്ടുകള്‍ അവിടെയുള്ള ഉദ്യോഗസ്ഥര്‍ക്കും 3500 എണ്ണം മലേഷ്യന്‍ പൗരന്‍മാര്‍ക്ക് മാത്രമായും മാറ്റിവെച്ചു. ബാക്കി അഞ്ഞൂറെണ്ണമാണ് മലേഷ്യക്ക് പുറത്തുള്ളവര്‍ക്ക് ലഭ്യമായിട്ടുള്ളത്. അതില്‍ ഒരെണ്ണമാണ് മോഹവില നല്‍കി സൈതലവി സ്വന്തമാക്കിയത്. പഴയതും പുതിയതുമായ കറന്‍സികളുടെയും നാണയങ്ങളുടെയും പുരാതന വസ്തുക്കളുടെയും ശേഖരണം ഹരമാക്കിയ സൈതലവിയുടെ മുന്നില്‍ ഈ അറുനൂറിന്റെ മലേഷ്യന്‍ കറന്‍സി സ്വന്തമാക്കാന്‍ വില ഒരു തടസ്സമായില്ല. ഒരു പക്ഷേ ഈ പുതിയ അറുനൂറിന്റെ മലേഷ്യന്‍ കറന്‍സി കരസ്ഥമാക്കിയ ഏക മലയാളിയും സൈതലവി ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."