ബലാത്സംഗത്തില്‍ കൊല്ലപ്പെട്ടാല്‍ പേരും ചിത്രവും പ്രസിദ്ധീകരിക്കണം: കാംപയിനുമായി സ്ത്രീകള്‍
തിരുവനന്തപുരം: ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയാണെങ്കില്‍ പേരും ചിത്രവും പ്രസിദ്ധീകരിക്കണമെന്ന കാംപയിനുമായി സ്ത്രീകള്‍. ഞാന്‍ വെറുമൊരു നമ്പര്‍ മാത്രമല്ല എന്ന ഹാഷ്ടാഗോടെയാണ് സാമൂഹികമാധ്യമങ്ങളില്‍ ഈ കാംപയിന്‍ വ്യാപിക്കുന്നത്.
ബുധനാഴ്ച തുടങ്ങിയ കാംപയിന്‍ ഇന്നലെ സ്ത്രീകള്‍ വ്യാപകമായി ഏറ്റെടുത്തു. ബലാത്സംഗത്തിന് ഇരയായവര്‍ കൊല്ലപ്പെട്ടാല്‍ പോലും പേരും ചിത്രവും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് കാംപയിനു തുടക്കമായത്. കഴിഞ്ഞ ദിവസം കത്‌വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി 10ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.
കാംപയിന്‍ നടത്തുന്നവര്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്: 'ഞാന്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കില്‍ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാന്‍ വെറുമൊരു നമ്പറല്ല. കൊല്ലപ്പെട്ടാല്‍ പോലും ബലാല്‍സംഗത്തിന് ഇരയായവളുടെ പേര് പുറത്തറിയിക്കുന്നതില്‍ വിലക്കുമായി ബഹുമാനപ്പെട്ട നിയമസംവിധാനം മുന്നോട്ടുപോകുകയാണെന്ന വാര്‍ത്ത വായിച്ചു. മരണപ്പെട്ട സ്ത്രീക്കും അഭിമാനമുണ്ട് എന്നതാണ് ഇതിനായി കണ്ടെത്തിയ ന്യായീകരണം. പുരുഷമേധാവിത്വ ചിന്താഗതിയുടെ ചങ്ങലകളാല്‍ എന്റെ പ്രിയരാജ്യത്തിന്റെ നിയമവ്യവസ്ഥ ഒരിക്കലും ബന്ധിക്കപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ മേല്‍ ഒരു കൊടും കുറ്റവാളിയാല്‍ ചെയ്യപ്പെട്ട ഹീനമായ കുറ്റകൃത്യവുമായി എന്റെ അഭിമാനത്തിന് യാതൊരു ബന്ധവുമില്ല.
ബലാത്സംഗമെന്ന പ്രവൃത്തിയോടുള്ള ഏറ്റവും കടുത്തയുദ്ധം എന്റെ മരണശേഷവും തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ മുഖം പൊതുജനങ്ങളുടെ ഓര്‍മയില്‍ നിന്ന് മായ്ക്കാന്‍ ഈ സമൂഹത്തെ അനുവദിക്കില്ല. തുടങ്ങിയവയാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."