വരാപ്പുഴ: മജിസ്‌ട്രേറ്റിനെതിരേ അന്വേഷണം വേണം - ഹൈക്കോടതി
കൊച്ചി : വരാപ്പുഴയില്‍ പൊലിസ് പിടികൂടിയ ശ്രീജിത്തിനെ യഥാസമയം റിമാന്‍ഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ പറവൂര്‍ മുന്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.സ്മിതയ്‌ക്കെതിരേ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കസ്റ്റഡിയിലെ മര്‍ദനത്തെ തുടര്‍ന്ന് ശ്രീജിത്ത് പിന്നീട് മരിച്ചു.
വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ പൊലിസ് പിടികൂടിയത്. അടുത്ത ദിവസം ശ്രീജിത്തടക്കമുള്ളവരെ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റിനോട് അനുമതി തേടിയെങ്കിലും അനുവാദം നല്‍കിയില്ലെന്നാണ് പൊലിസിന്റെ പരാതി.
ശ്രീജിത്തിനെ യഥാസമയം റിമാന്‍ഡ് ചെയ്യാന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചിരുന്നെങ്കില്‍ മര്‍ദനമേറ്റ വിവരം പറയാനും ചികിത്സ തേടാനും അയാള്‍ക്ക് കഴിയുമായിരുന്നു എന്നാണ് പൊലിസ് പറയുന്നത്.
മുന്‍ റൂറല്‍ എസ്.പി എ.വി.ജോര്‍ജ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഹൈക്കോടതിയിലെ സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ കെ.ഹരിപാലിനും ലഭിച്ചിരുന്നു. അദ്ദേഹം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോടു വിശദീകരണം തേടി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അന്വേഷണം നടത്താന്‍ ഹൈക്കോടതി തീരുമാനിച്ചത്.
ഹൈക്കോടതിയിലെ വിജിലന്‍സ് രജിസ്ട്രാര്‍ വേണു കരുണാകരനാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."