കോടതി ഉത്തരവിന് പുല്ലുവില: മെഡിക്കല്‍ കോളജിലെ കോഫീ സ്റ്റാളുകള്‍ ഇനിയും ലേലം ചെയ്തില്ല
അമ്പലപ്പുഴ: സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതി അഭിഭാഷകന്‍ കാറ്റില്‍ പറത്തുന്നതായി പരാതി. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുന്നതായും ആക്ഷേപം.
പൊതുപ്രവര്‍ത്തകനായ നസീര്‍ താഴ്ചയിലാണ് വിവാദ പരാമര്‍ശവുമായി രംഗത്തുളളത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കോഫീ സ്റ്റാളുകളുടെയും ഒരു മില്‍മ ബൂത്തിന്റെയും ലേല നടപടികളാണ് സുപ്രീം കോടതി ഉത്തരവിറങ്ങിയ ശേഷവും ഹൈക്കോടതിയിലെ പ്രോസിക്യൂട്ടര്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുളളത്.
കോഫീ സ്റ്റാള്‍ ഉടമകള്‍ വന്‍തുക നല്‍കിയാണ് കേസുകള്‍ വൈകിപ്പിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.ഇതിന്റെ പിന്നില്‍ അമ്പലപ്പുഴ ബാറിലെ ഒരു അഭിഭാഷകനും പങ്കുളളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.ആശുപത്രി വളപ്പില്‍ ഒരു മില്‍മ ബൂത്തും, നാല് കോഫീ സ്റ്റാളുകളുമാണ് പ്രവര്‍ത്തിക്കുന്നത്.ഇവയെല്ലാം ലേലം ചെയ്യാന്‍ ആശുപത്രി അധികൃതര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ലേല നടപടികള്‍ ആരംഭിച്ചപ്പോള്‍ കോഫീ സ്റ്റാളുടമകളും, മില്‍മ ബൂത്തുടമയും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.സാമൂഹിക പ്രവര്‍ത്തകനായ കാക്കാഴം താഴ്ചയില്‍ നസീര്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ പൊതുവിഭാഗത്തില്‍പ്പെട്ട ഒരു കോഫീ സ്റ്റാള്‍ ലേലം ചെയ്തു.പ്രതിമാസം 5000 രൂപ വാടക നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലേല നടപടി പൂര്‍ത്തിയായതോടെ പ്രതിമാസ വാടക രണ്ട് ലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍ പൊതുവിഭാഗത്തിലെ കോഫീ സ്റ്റാള്‍ ലേലം ചെയ്‌തെങ്കിലും അംഗപരിമിതര്‍ക്കായി അനുവദിച്ച 3 കോഫീ സ്റ്റാളുകളും മില്‍മ ബൂത്തും ഇതുവരെ ലേലം ചെയ്തിട്ടില്ല.
ഇവ ലേലം ചെയ്യാന്‍ 20ഹ 6 ല്‍ എടുത്ത തീരുമാനത്തിനെതിരെ അംഗ പരിമിതരായ കോഫീ സ്റ്റാളുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.2 വര്‍ഷം കൂടുമ്പോള്‍ കോഫീ സ്റ്റാളുകള്‍ ലേലം ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കോഫീ സ്റ്റാമുടമകള്‍ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കിയിരുന്നു. 2017 മാര്‍ച്ച് 7 ന് പരിഗണിച്ച അപ്പീല്‍ പിന്നീട് പരിഗണിക്കുകയോ, ലിസ്റ്റില്‍ പെടുത്തുകയോ ചെയ്യാത്തതുമൂലം കേസ് അനന്തമായി നീളുകയാണ്. മില്‍മ ബൂത്ത് ലേലം ചെയ്യരുതെന്നു കാട്ടി മില്‍മ ബൂത്തുടമ നല്‍കിയ ഹര്‍ജി സിംഗിള്‍ ബഞ്ച് രണ്ടു വര്‍ഷത്തിനുശേഷവും പരിഗണിക്കാത്തത് വിവാദമായിട്ടുണ്ട്. കേസ് അനന്തമായി നീളുന്നതു മൂലം ആശുപത്രിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
ഇത് കണക്കിലെടുത്ത് കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് കാട്ടി സുപ്രണ്ട് പബ്ലിക് പ്രോ സിക്യൂട്ടര്‍ക്ക് രേഖാമൂലം കത്തും രേഖകളും നല്‍കിയിട്ടും ഈ കേസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോലും പ്രോസിക്യൂട്ടര്‍ തയ്യാറായിട്ടില്ല. ഒരു കേസിനും 3 മാസത്തില്‍ക്കൂടുതല്‍ സ്റ്റേ അനുവദിക്കരുതെന്ന സുപ്രീം കോടതി ഉത്തരവാണ് പ്രോസിക്യൂട്ടര്‍ കാറ്റില്‍ പറത്തിയിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിലോ പരമാവധി ആറ് മാസത്തിനുള്ളിലോ കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിറക്കിയിരിക്കുന്നത്.
എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടിട്ടും സ്റ്റേ നീക്കി കേസിന്റെ വിധി പറയാനുള്ള അവസരം പ്രോസിക്യൂട്ടര്‍ ഒരുക്കാത്തത് വിവാദമായിട്ടുണ്ട്. സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തുന്ന ഈ കേസില്‍ മനപൂര്‍വ്വം കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടും ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. ആ ശു പ ത്രി വികസന സമിതി ചെയര്‍പേഴ്‌സണ്‍ കൂടി ആയിട്ടുള്ള ജില്ലാ കളക്ടര്‍ ഇതില്‍ ഇടപെട്ട് ലേല നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ലേല നടപടി വൈകുന്ന സാഹചര്യത്തില്‍ കേസില്‍ കക്ഷി ചേര്‍ന്ന് നിയമ പോരാട്ടം തുടരുമെന്ന് പൊതുവിഭാഗത്തിലെ കോഫീ സ്റ്റാള്‍ ലേലം ചെയ്യിപ്പിച്ച പൊതു പ്രവര്‍ത്തകനായ താഴ്ചയില്‍ നസീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."