കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കം കണ്ടക്ടര്‍ യോഗ്യതയും താല്‍പര്യവും അറിയിക്കാന്‍ എം.ഡിയുടെ ഉത്തരവ്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകളില്‍ പൂര്‍ണമായും ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നടപ്പാക്കുന്നതിനുള്ള ശ്രമം ഊര്‍ജിതമാക്കി. ഇത്തരത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ജീവനക്കാരുടെ യോഗ്യതയും താല്‍പര്യവും അറിയിക്കണമെന്നാവശ്യപ്പെട്ട് എം.ഡി ഉത്തരവിറക്കി.
ദീര്‍ഘദൂര സര്‍വിസുകളില്‍ ഡ്രൈവര്‍മാരുടെ വിശ്രമമില്ലാതെയുള്ള വാഹനമോടിക്കല്‍ ഉള്‍പ്പെടെയുള്ള ദുരിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.
ദീര്‍ഘദൂര, ഇതരസംസ്ഥാന, മിന്നല്‍ സര്‍വിസുകളില്‍ ചിലതില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയുണ്ട്. രാത്രികാല ദീര്‍ഘദൂര സര്‍വിസുകളില്‍ പദ്ധതി പൂര്‍ണമായും നടപ്പാക്കുകയാണ് ലക്ഷ്യം. രാത്രി ആറ് മണിക്കൂറിലധികവും പകല്‍സമയങ്ങളില്‍ എട്ട് മണിക്കൂറിലധികവും സ്റ്റിയറിങ് ഡ്യൂട്ടിയുള്ളതും റിസര്‍വേഷന്‍ സൗകര്യമുള്ളതുമായ സര്‍വിസുകളില്‍ നിയോഗിക്കുന്നതിനാണ് തീരുമാനം.
മതിയായ യോഗ്യതയുള്ള സ്ഥിരം ഡ്രൈവര്‍മാരില്‍നിന്ന് അപേക്ഷകള്‍ ലഭ്യമാക്കുന്നതിനാണ് യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ ഉള്‍പ്പെടുത്തുന്നതിന് നേരത്തെ പരിശീലനം ലഭിച്ചവരെ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈമാസം മുപ്പതിനുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്ക് വേഗത്തില്‍ പരിശീലനം ഉറപ്പാക്കി പദ്ധതി നടപ്പാക്കുന്നതിനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."