ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് മാറ്റി
അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് മാറ്റി. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കോടതി അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമാണെന്ന് പരിഗണിക്കണമെന്നും കുറ്റക്കാര്‍ക്കെല്ലാം വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാധിച്ചു. എന്നാല്‍ ഇങ്ങനെ കണക്കാക്കരുതെന്ന് പ്രതിഭാഗവും വാദിച്ചു. അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായിയാണു ശിക്ഷ പ്രഖ്യാപിക്കുക.
2002ല്‍ ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാരെന്നുള്ള കോടതി വിധി കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറപ്പെടുവിച്ചത്. 11 പേര്‍ക്കെതിരേയുള്ള കൊലക്കുറ്റം ശരിവക്കുകയും 66 പ്രതികളില്‍ 36 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ബി.ജെ.പി നേതാവ് ബിപിന്‍ പട്ടേലും വെറുതേവിട്ടവരില്‍പെടുന്നു.അഹമ്മദാബാദ് പ്രത്യേക എസ്.ഐ.ടി കോടതിയാണ് വിധി പുറപ്പെടുവിച്ചിരുന്നത്. മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫരി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ടത്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ചമന്‍പുരയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഒരു സംഘം കൂട്ടആക്രമണം അഴിച്ചുവിടുകയായിരുന്നു. മിക്ക വീടുകളും കത്തിച്ചാമ്പലായി. 31 പേരെ ഈ സംഭവത്തിനുശേഷം കാണാതായി. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസിലെ വിചാരണ നടപടികള്‍ 2015 സെപ്റ്റംബര്‍ 22ന് പൂര്‍ത്തിയായിരുന്നു.
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. 66 പ്രതികളില്‍ ഒമ്പത് പേര്‍ ഇക്കാലമത്രയും ജയിലിലാണ്. മറ്റുള്ളവര്‍ വിവിധ ഘട്ടങ്ങളിലായി ജാമ്യത്തില്‍ ഇറങ്ങി. ഗോധ്ര ട്രെയിന്‍ തീവയ്പ്പിന്റെ തൊട്ടടുത്ത ദിവസമാണ് ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊല അരങ്ങേറിയത്. ഗോധ്ര സംഭവത്തില്‍ 58 കര്‍സേവകരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ അരങ്ങേറിയ കലാപങ്ങളില്‍ 2000ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."