ഇടം ജനകീയ കൂട്ടായ്മ: താഴേത്തട്ടിലെത്തുന്ന വികസനം സര്‍ക്കാരിന്റെ മുഖമുദ്ര; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് നീളുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഇടം പദ്ധതിയുടെ ജനകീയ കൂട്ടായ്മ മുഖത്തല ബ്ലോക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഹരിത കേരളം മിഷനിലൂടെ ജലസംരക്ഷണവും കൃഷിയും മെച്ചപ്പെടുത്താനായി. ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. വൈകുന്നേരംവരെ പ്രവര്‍ത്തിക്കുന്ന ഒ.പി സംവിധാനം തന്നെയാണ് ഈ മാറ്റത്തിന്റെ പ്രത്യക്ഷ തെളിവ്. ഓരോ മിഷനും നടപ്പിലാക്കുന്നതിന്റെ ഗുണഫലം സമൂഹത്തിന്റെ താഴെത്തട്ടിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിവിഹിതം 98 ശതമാനത്തിലധികം ചെലവഴിച്ചത് ചരിത്ര നേട്ടമാണ്. അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് തുക വിനിയോഗമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ ഇടം പദ്ധതിയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ മുഖ്യപ്രഭാഷണം നടത്തി.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, മറ്റു ജനപ്രതിനിധികള്‍, മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അനില്‍കുമാര്‍, എ.ഡി.സി ജനറല്‍ വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, ടി.കെ.എം എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ എസ്. അയൂബ്, കാര്യവട്ടം യൂനിവേഴ്‌സിറ്റി കാംപസ് അധ്യാപകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."