ചികിത്സാ സഹായത്തിനായി ഗിന്നസ് സുധീര്‍ ഇന്ന് 12 മണിക്കൂര്‍ പാടുന്നു
പറവൂര്‍: ചികിത്സാ സഹായത്തിനായി ഗിന്നസ് സുധീര്‍ ഇന്ന് 12 മണിക്കൂര്‍ പാടുന്നു. തീര്‍ഥയാത്രയ്ക്കിടെ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന പൊയ്യമഠത്തുംപടി ചക്കാട്ടിക്കുന്ന് പാണ്ടിപിളളിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ ലിനിഷയുടെ ചികിത്സക്കും കാന്‍സര്‍ ബാധിച്ച് പൂര്‍ണമായും കിടപ്പിലായ പുത്തന്‍വേലിക്കര സ്വദേശിനിയായ 15 കാരി വിദ്യാര്‍ഥിനിയുടെ കുടുംബത്തിനും വേണ്ടിയുള്ള ധനസമാഹരണത്തിന് വേണ്ടിയാണ് ഗിന്നസ് സുധീറിന്റെ ഗാനാലാപനം. ജീവിതത്തിലേയ്ക്ക് ഒരു കൈത്താങ്ങിനായി പുത്തന്‍വേലിക്കര ഓട്ടോസ്റ്റാന്റില്‍ വേദിയൊരുക്കിയിട്ടുള്ളത് പുത്തന്‍വേലിക്കര ടീം ഓഫ് ലോര്‍ഡ് മാസ്റ്റര്‍ ക്ലബ്ബാണ്.
നാല്‍പത് വയസുവരെ പ്രായമുള്ള ഒരു സംഘം യുവാക്കള്‍ വിനോദയാത്രകള്‍ക്ക് പോകാന്‍ രണ്ടര വര്‍ഷം മുമ്പ് രൂപീകരിച്ചതാണ് ടീം ഓഫ് ലോര്‍ഡ് മാസ്റ്റര്‍ ക്ലബ്ബ് . 21 അംഗങ്ങളാണ് ക്ലബ്ബിലുള്ളത്. മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാനെത്തിയ ഒരു സുഹൃത്തിന്റെ പ്രേരണയാല്‍ ലിനിഷയുടെ വീട് സന്ദര്‍ശിക്കാനിടയായ ക്ലബ്ബ് അംഗങ്ങള്‍ അവരെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ ഡിണ്ടിക്കലില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ് മൂന്ന് വര്‍ഷത്തോളമായി അബോധാവസ്ഥയില്‍ കഴിയുകയാണ് ലിനീഷ.
തീര്‍ഥയാത്ര പോയി തിരികെ വരും വഴിയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന അമ്മ കാലിന് പരുക്കേറ്റ് കിടപ്പിലാണ്. അച്ഛനും സുഖമില്ല. ആകെയുള്ള അത്താണി ഇളയ കുട്ടി മാത്രമാണ്. ധനശേഖരണാര്‍ഥത്തിനായി സമ്മാനകൂപ്പണ്‍ കൊടുത്താണ് പണം സ്വരൂപിക്കുന്നത്. ജീവിതത്തിലേക്ക് ഒരു കൈത്താങ്ങാകാന്‍ ഇറങ്ങി പുറപ്പെട്ട ഈയുവ കൂട്ടായ്മക്കൊപ്പം നാട്ടുകാരുമുണ്ട്. ലിനിഷയെ പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് ഗായകന്‍ ഗിന്നസ് സുധീര്‍, മാസ്റ്റര്‍ ക്ലബ്ബ് അംഗങ്ങളായ സുനില്‍ കുന്നത്തൂര്‍, ടി ആര്‍ രജീഷ്, പി സി പ്രസാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."