കാറ്റും മഴയും; പലയിടത്തും നാശനഷ്ടങ്ങള്‍
കൊടകര: പുതുക്കാട് മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ കഴിഞ്ഞ ദിവസം തകര്‍ത്തു പെയ്ത വേനല്‍ മഴയും കാറ്റും മിന്നലും കൊടകര, മറ്റത്തൂര്‍, വരന്തരപ്പിള്ളി മേഖലയില്‍ വലിയ കൃഷിനാശവും വസ്തു നാശവും വിതച്ചു. പതിനായിരത്തിലേറെ ഏത്ത വാഴകളാണു ഈ മേഖലയില്‍ നശിച്ചത്. വിവിധ വീടുകള്‍ക്കു മുകളില്‍ തെങ്ങും മറ്റു വൃക്ഷങ്ങളും ഒടിഞ്ഞു വീണു. വൈദ്യുത ലൈനുകള്‍ക്കു മുകളില്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണതു മൂലം വൈദ്യുതി ബന്ധം ഈ മേഖലകളില്‍ പൂര്‍ണ്ണമായും തകരാറിലായി. ഇന്നലെ വൈകളട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റത്തൂര്‍ കുന്നില്‍ സിനി സതീഷിന്റെ 1,000 എത്ത വാഴകള്‍ കാറ്റില്‍ നശിച്ചു. പ്ലാക്കല്‍ ഷൈജുവിന്റെ 375, കുഴുപ്പിള്ളി സരോജത്തിന്റെ 700, പോട്ടക്കാരന്‍ ദേവസ്സിയുടെ 150, തൈശുവളപ്പില്‍ രാജീവിന്റെ 450, തെക്കിനിയത്ത് ലോനപ്പന്റെ 100, മല്‍പ്പാന്‍ ബെന്നിയുടെ 75, മല്‍പ്പാന്‍ ജോണ്‍സന്റെ 100, തൂമുള്ളി ബേബിയുടെ 450 എന്നിങ്ങനെയാണു വാഴകള്‍ നശിച്ചിട്ടുള്ളത്.
പന്തല്ലൂര്‍ മേഖലയില്‍ വിവിധ കര്‍ഷകരുടെ രണ്ടായിരത്തോളം ഏത്ത വാഴകള്‍ കാറ്റിലും മഴയിലും ഒടിഞ്ഞു നശിച്ചു. ജാതി, കവുങ്ങു എന്നിവയും നശിച്ചിട്ടുണ്ട്. കൊടകര ആനത്തടത്ത് അജയന്‍, അശോകന്‍, കൊപ്രക്കളത്ത് ബാലന്‍, മംഗലന്‍ ജോണി, ഡേവിസ്, റപ്പായി, വല്ലപ്പാടി ശശികുമാര്‍, മനക്കുളങ്ങര ആന്റണി കള്ളിയത്ത്പറമ്പില്‍, മനക്കുളങ്ങര അനിത മനോഹരന്‍, പോള്‍സണ്‍ എന്നിവരുടെ വാഴകളും, ഗീത രാധാകൃഷ്ണന്‍, എം. ശശിധരന്‍, ചെട്ടിയാടാന്‍ ചന്ദ്രിക എന്നിവരുടെ ജാതി മരങ്ങളും കരിപ്പുകുളങ്ങര അമ്പലത്തിനു സമീപം കൃഷ്ണകുമാറിന്റെയും പേരാമ്പ്ര കപ്പേളക്കു സമീപം ചുള്ളി ലോനപ്പന്റെയും വാഴകളും കാറ്റിലും മഴയിലും ഒടിഞ്ഞു നശിച്ചു.
കൂടാതെ കൊടകര ഞാറക്കല്‍ ഭാര്‍ഗ്ഗവിയുടെ ഓട് വീടിനു മുകളില്‍ പ്ലാവു ഒടിഞ്ഞുവീണു. കൊടുങ്ങപറമ്പില്‍ കമലയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാവുംതറ മറ്റത്തി ലക്ഷ്മിയുടെ വീടിനു മുകളില്‍ തെങ്ങും വടക്കേ പീടിക ലാലിയുടെ വീടിനു മുകളില്‍ പ്ലാവും കടലാശ്ശേരി കോമളത്തിന്റെ വീടിനു മുകളില്‍ കവുങ്ങും ഒടിഞ്ഞു വീണു. വാസുപുരം പാലക്കല്‍ രാജുവിന്റെ ടെറസ് വീടിനു മുകളില്‍ തെങ്ങു വീണു. കാവനാട് ആലുക്കപറമ്പില്‍ ഗീതയുടെ ഓലവീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി. വരന്തരപ്പിള്ളി പഞ്ചായത്തിലും കാറ്റും മഴയും വലിയ കൃഷി നാശം വിതച്ചു. വേനല്‍ മഴയിലും കാറ്റിലും കൃഷി നശിച്ച കര്‍ഷകര്‍ക്കു അടിയന്തിര ധന സഹായം നല്‍കണമെന്നു കേരള കര്‍ഷക സംഘം കൊടകര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ബന്ധപ്പെട്ടവരോടഭ്യര്‍ഥിച്ചു.
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ ശക്തിയായ കാറ്റില്‍ വ്യാപകമായ നാശനഷ്ടം. മരങ്ങള്‍ വീണ് ദേശീയപാതയടക്കമുള്ള റോഡുകളില്‍ മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചു. നിരവധി വീടുകളുടെ മുകളില്‍ മരങ്ങള്‍ വീണു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ദേശീയപാത പതിനേഴില്‍ ശാന്തിപുരത്ത് കൂറ്റന്‍ മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു. റോഡരികിലെ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു രാത്രിയോടെ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
എടവിലങ്ങ് പഞ്ചായത്തില്‍ വ്യാപകമായ നാശനഷ്ടമാണു സംഭവിച്ചത്. നിരവധി വീടുകള്‍ക്കു മരങ്ങള്‍ വീണും മറ്റും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കോതപറമ്പ്-കാര റോഡിലും മരങ്ങള്‍ കടപുഴകി വീണതു മൂലം ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ശ്രീനാരായണപുരം ഉല്ലാസവളവില്‍ മരം വീണു ഗതാഗതം സ്തംഭിച്ചു. എടവിലങ്ങ് കാരയില്‍ ലോഹിതാക്ഷന്റെ വീടിനു മുകളില്‍ മരം കടപുഴകി വീണു വീടിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എടവിലങ്ങ് പഞ്ചായത്തില്‍ വലിയപറമ്പില്‍ നാരായണന്‍, മാത്തേലി സുന്ദരന്‍, തയ്യില്‍ ദാസന്‍, കൈമപറമ്പില്‍ മുരളി, ചിറ്റേഴത്ത് ഷീല, ആലിപ്പറമ്പില്‍ കൃഷ്ണന്‍, മണക്കാട്ടുപടി രാജേന്ദ്രന്‍ തുടങ്ങി വിവിധ വാര്‍ഡുകളിലായി മുപ്പതോളം വീടുകളുടെ മുകളിലാണു മരം വീണു കേടുപാടുകള്‍ സംഭവിച്ചത്.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും വീശിയ കനത്ത കാറ്റിലും മഴയിലും വന്‍നാശനഷ്ടങ്ങളാണ് ഉണ്ടായത്. പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വൈദ്യുത കമ്പികള്‍ പൊട്ടി വീണിട്ടുണ്ട്. കൃഷി നാശവും വ്യാപകമാണ്. ചെമ്മണ്ട സ്വദേശി തേറാട്ടില്‍ ലോനപ്പന്റെ 60 ഓളം നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു വീണു. കരുവന്നൂര്‍ ഇലക്ട്രിക് പോസ്റ്റ് റോഡിലേക്കു ചെരിഞ്ഞു വീണു. കാട്ടുങ്ങച്ചിറയില്‍ വെളിയത്ത്പറമ്പില്‍ സുകുമാരന്‍ നായരുടെ വീടിന്റെ ടറസ് മുഴുനായും പറന്നു പോയി. 100 മീറ്റര്‍ അകലെയുള്ള പൊറത്തുര്‍ തോട്ടുങ്ങല്‍ ഗ്രേസി ജോര്‍ജിന്റെ വീടിനു സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു പോസ്റ്റടക്കം വീടിനു മുകളിലേക്കു വീണു. വീട്ടുകാര്‍ ഇറങ്ങി ഓടിയതിനാല്‍ പരുക്കേറ്റില്ല.
സമീപത്തു തന്നെയുള്ള പഴുങ്കാരന്‍ ഔസേപ്പിന്റെയും കറുത്തപറമ്പില്‍ രാമുവിന്റെയും വീടിനു മുകളിലേക്കു തെങ്ങു മറിഞ്ഞു വീണു. അവിട്ടത്തൂര്‍ കണ്ണത്ത് വീട്ടില്‍ ജയന്റെ വീടിനു മുകളില്‍ പ്ലാവ് വീണു വീടു ഭാഗിഗമായി തകര്‍ന്നു. അവിട്ടത്തൂര്‍ പടിഞ്ഞാങ്കര ചന്ദ്രികയമ്മയുടെ വീടിനു മുകളിലും തെങ്ങു വീണ് വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഒട്ടനവധി കര്‍ഷകരുടെ വാഴകളും മറ്റും കാറ്റത്തു ഒടിഞ്ഞു വീണിട്ടുണ്ട്. പലയിടത്തായി വൈദ്യൂതി ലൈനില്‍ വീണ മരങ്ങള്‍ മുറിച്ചു നീക്കി വൈദ്യുതബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
കയ്പ്പമംഗലം: കയ്പമംഗലം മേഖലയില്‍ കഴിഞ്ഞ ദിവസം വീശിയ ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈകിട്ടോടെ ശക്തമായ കാറ്റും മഴയുമാണു മേഖലയില്‍ ഉണ്ടായത്. ചെന്ത്രാപ്പിന്നി പാതയോരത്തെ വന്‍മരം കടപുഴകി വീണു. ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍ റോഡില്‍ തെങ്ങു വീണു രണ്ടു വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. എസ്.എന്‍ പുരം ഇരുപത്തിയഞ്ചാം കല്ലില്‍ വാകമരം റോഡിനു കുറുകെ വീണു ദേശീയപാതയില്‍ ഗതാഗതം ഒന്നര മണിക്കൂറിലധികം സ്തംഭിച്ചു.
ത്രി എട്ടു മുതല്‍ 9.30 വരെ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇതോടെ റോഡില്‍ നൂറുകണക്കിനു വാഹനങ്ങള്‍ കുടുങ്ങി. കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്‌സും മതിലകം പൊലിസും നാട്ടുകാരും എസ്.വൈ.എസ് ആംസുലന്‍സ് പ്രവര്‍ത്തകരുമെല്ലാം ഏറെ പ്രയത്‌നിച്ചാണു ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്. പെരിഞ്ഞനം, മൂന്നുപീടിക, കൊപ്രക്കളം, എടത്തിരുത്തി ഇടങ്ങളിലും മരങ്ങള്‍ വൈദ്യുതി ലൈനില്‍ വീണു മേഖലയിലാകെ വൈദ്യുതിയും സ്തംഭിച്ചു. ഇന്നലെ ഉച്ചയോടെയാണു വൈദ്യുതി പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."