ഹജ്ജ് വിമാന ഷെഡ്യൂളിന്റെ ആദ്യ രൂപം സഊദി എയര്‍ലൈന്‍സ് ഹജ്ജ് കമ്മിറ്റിക്ക് കൈമാറി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹജ്ജ് വിമാന സര്‍വിസുകളുടെ ഷെഡ്യൂളിന്റെ ആദ്യരൂപം സഊദി എയര്‍ലൈന്‍സ് വിമാന കമ്പനി ഹജ്ജ് കമ്മിറ്റിക്ക് കൈമാറി. ഇതനുസരിച്ച് ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ 24 വിമാന സര്‍വിസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ളത്. ആദ്യവിമാനം ഉച്ചയ്ക്ക് ഒന്നിന് 300 തീര്‍ഥാടകരുമായി നേരിട്ട് ജിദ്ദയിലേക്ക് പറക്കും. മടക്കം മദീനവഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ 10,500 പേര്‍ക്കുള്ള വിമാനസീറ്റാണ് ബുക്ക് ചെയ്തിരിക്കുന്നത്. സര്‍വിസിനു തയാറായ എ-330 വിമാനത്തില്‍ 300 തീര്‍ഥാടകര്‍ക്കും ബി-747ല്‍ 450 തീര്‍ഥാടകര്‍ക്കും യാത്ര ചെയ്യാനാവും. ഓഗസ്റ്റ് 23 മുതല്‍ 31 വരെ രണ്ടു വിമാനങ്ങള്‍ ഹജ്ജ് തീര്‍ഥാടകരുമായി നെടുമ്പാശ്ശേരിയില്‍ നിന്ന് പറന്നുയരും. ശേഷിക്കുന്ന ദിവസങ്ങളില്‍ ഓരോ സര്‍വിസുമുണ്ടാകും.
ഹജ്ജ് കഴിഞ്ഞുള്ള മടക്കസര്‍വിസുകള്‍ സെപ്റ്റംബര്‍ 29 മുതല്‍ ആരംഭിക്കും. മദീനയില്‍നിന്നുള്ള ആദ്യവിമാനം വൈകുന്നേരം നാലിന് നെടുമ്പാശ്ശേരിയിലെത്തും. രണ്ടാമത്തെ വിമാനം രാത്രി 11.40നെത്തും. 30ന് ഒരുവിമാനവും ഒക്ടോബര്‍ ഒന്നിന് മൂന്നു വിമാനവും മടങ്ങിയെത്തും. ഒക്ടോബര്‍ രണ്ട്, ആറ്, എട്ട്, 10, 13 തിയതികളില്‍ രണ്ടു വിമാനങ്ങളും ശേഷിക്കുന്ന ദിവസങ്ങളില്‍ ഓരോ സര്‍വിസും നടത്തും. അവസാന ഹജ്ജ് വിമാനം ഒക്ടോബര്‍ 14നാണ് നെടുമ്പാശ്ശേരിയിലെത്തുക. ഹജ്ജ് കഴിഞ്ഞാണ് കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ മദീന സന്ദര്ശനമെന്നതിനാലാണ് മദീനവഴി മടക്കസര്‍വിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഷെഡ്യൂളിന്റെ ആദ്യ രൂപം സഊദി എയര്‍ലെന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം പിന്നീടാണുണ്ടാവുക. കഴിഞ്ഞ വര്‍ഷം നെടുമ്പാശ്ശേരിയില്‍നിന്ന് എയര്‍ ഇന്ത്യയാണ് ഹജ്ജ് സര്‍വിസുകള്‍ നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."