സമസ്ത പൊതുപരീക്ഷ ഇന്നു സമാപിക്കും; മൂല്യനിര്‍ണയത്തിന് എട്ടു കേന്ദ്രങ്ങള്‍
മലപ്പുറം: സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്റസാ പൊതുപരീക്ഷ ഇന്നു സമാപിക്കും. സമസ്തയുടെ കീഴിലുളള 9808 മദ്റസകളില്‍ നിന്നുള്ള അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ നിന്നായി 2,36,627 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. രാജ്യത്തിനകത്തും വിദേശത്തുമായി 6,909 സെന്ററുകളിലായാണ് പൊതുപരീക്ഷ നടക്കുന്നത്.
ഉച്ചയോടെ പരീക്ഷ പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ ഡിവിഷന് കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാര്‍ ഏറ്റുവാങ്ങും. തുടര്‍ന്നു വൈകിട്ടോടെ ചേളാരി സമസ്താലയത്തിലെത്തിക്കും.
കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിലെ ഉത്തരക്കടലാസുകള്‍ സൂപ്രണ്ടുമാര്‍ മുഖേനയും വിദേശത്തുനിന്നുള്ളവ കരിപ്പൂര്‍ വിമാനത്താവളം വഴിയും രണ്ടുദിവസത്തിനകം എത്തിച്ചേരും. നേരത്തെ പൊതുപരീക്ഷക്കു മുന്‍പ് നടത്തിവന്നിരുന്ന ഖുര്‍ആന്‍ പാരായണ പരീക്ഷയും ഇത്തവണ എഴുത്തുപരീക്ഷയോടനുബന്ധിച്ചു സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇന്നലെ നടന്നു.
ഉത്തരപേപ്പറുകളുടെ മൂല്യനിര്‍ണയം മെയ് 5 മുതല്‍ എട്ടുവരെ സംസ്ഥാനത്തെ എട്ടുകേന്ദ്രങ്ങളിലായി നടക്കും. ദാറുന്നജാത്ത് കരുവാരക്കുണ്ട്, ജാമിഅ നൂരിയ്യ പട്ടിക്കാട്, അന്‍വാറുല്‍ ഇസ്്ലാം തിരൂര്‍ക്കാട്, മര്കസുസഖാഫത്തില് ഇസ്്ലാമിയ്യ കുണ്ടൂര്‍, ജാമിഅ ദാറുസ്സലാം നന്തി, ജാമിഅ യമാനിയ്യ കുറ്റിക്കാട്ടൂര്‍, സി.എം.മെമ്മോറിയല്‍ അശ്അരിയ്യ കോളജ് മടവൂര്‍, സമസ്താലയം ചേളാരി എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയ ക്യാംപുകള്‍.
ഓരോ കേന്ദ്രങ്ങളിലും 160 വീതം അധ്യാപകരെ പരിശോധനക്കായി നിയോഗിച്ചു. ഒരോ കണ്ട്രോളര്, സൂപ്രണ്ട് എന്നിവരും മൂന്ന് സൂപ്പര്‍വൈസര്‍മാര്‍, ചെക്കിങ് ഇന്‍സ്പെക്ടര്‍, കോ ഓഡിനേറ്റര്‍, രണ്ടുവീതം ഓഫിസ് സ്റ്റാഫ് എന്നിവരേയും നിയമിച്ചു. ഉത്തരപേപ്പറുകള്‍ വിഷയം തിരിച്ചു മെയ് നാലിനു വൈകിട്ടോടെ ചേളാരിയില്‍ നിന്ന് മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെത്തിക്കും.
മൂല്യനിര്‍ണയ ക്യാംപിനുള്ള ഒരുക്കങ്ങള്‍ എട്ടു കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി വരുന്നതായി വിദ്യാഭ്യാസബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."