കശ്മീരില്‍ പൊലിസുകാരെ കൊലപ്പെടുത്തിയ ഭീകരരെ തിരിച്ചറിഞ്ഞു
ജമ്മുകശ്മീര്‍: കഴിഞ്ഞദിവസം ജമ്മുകശ്മീരില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരരെ തിരിച്ചറിഞ്ഞെന്ന് സുരക്ഷാഏജന്‍സി. അനന്ത്‌നാഗിലെ ബസ്സ്റ്റാന്‍ഡിലാണ് പൊലിസുകാര്‍ കൊല്ലപ്പെട്ടത്. കൊലപാതകദൃശ്യങ്ങള്‍ അവിടെ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതില്‍ നിന്നാണു പ്രതികളെ തിരിച്ചറിഞ്ഞത്. നിരോധിതസംഘടനയായ ലഷ്‌കറെ ത്വയ്ബ അംഗമായ ജുനൈദ് മാട്ടു എന്നയാളാണു പ്രധാന പ്രതിയെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീനഗറില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെയുള്ള കനാബാള്‍ പല്‍ഗാം റോഡില്‍ രണ്ട് യുവാക്കള്‍ എ.കെ 47 തോക്കും പിടിച്ചുനില്‍ക്കുന്നതും പിന്നീട് ഒരാള്‍ കാറിനു സമീപവും മറ്റൊരാള്‍ ബാഗുമായി നടക്കുന്നതായും സി.സി ടി.വി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. 19കാരനായ കുദ്‌വാനി സ്വദേശി ജുനൈദാണു ബാഗ് പിടിച്ചുനടക്കുന്നെതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ ഭീകരസംഘടനയില്‍ അംഗമായത്.
സബ് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ അഹമ്മദ്, കോണ്‍സ്റ്റബിള്‍ റഈസ് അഹമ്മദ് എന്നീ പൊലിസുകാരാണു കഴിഞ്ഞദിവസം കൊല്ലപെട്ടത്. ദക്ഷിണ കശ്മീരില്‍ മാത്രം കഴിഞ്ഞ അഞ്ചു മാസത്തിനിടെ ധാരാളം കൊലപാതകങ്ങളാണു നടന്നതെന്നും നിരവധി യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും സുരക്ഷാഏജന്‍സികള്‍ പറഞ്ഞു.
കശ്മീരില്‍ തീവ്രവാദികള്‍ സാധാരണക്കാരെ ഉപയോഗപെടുത്തി ശക്തമായ രഹസ്യശൃംഖല സ്ഥാപിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."