മറുനാട്ടുകാര്‍ക്കും 'മധുരം മലയാളം'
ചെറുവത്തൂര്‍: മധുരം മലയാളം, നമ്മുടെ ഹൃദയം മലയാളം...ഒന്നാം തരത്തില്‍ അധ്യാപിക പ്രജിത പാട്ടുകള്‍ പാടിക്കൊടുത്തപ്പോള്‍ രാജസ്ഥാന്‍ സ്വദേശികളുടെ മക്കളായ ശീതളും കോമളും ആവേശത്തോടെ ഏറ്റുപാടി. ഇനി മലയാളമാണ് ഈ കുട്ടികളുടെ മാതൃഭാഷ. ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളിലാണ് പഠനമധുരംതേടി മറുനാടന്‍ തൊഴിലാളികളുടെ മക്കളെത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം മറുനാടന്‍ തൊഴിലാളികളുടെ മക്കളെക്കൂടി വിദ്യാലയങ്ങളിലെത്തിക്കാന്‍ കര്‍മപദ്ധതി തയാറാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് രണ്ടു കുട്ടികളെ വിദ്യാലയത്തിലെത്തിക്കാന്‍ സാധിച്ചത്. രാജസ്ഥാന്‍ ദര്‍ഗമ സ്വദേശികളായ വിനോദിന്റെയും മധുവിന്റെയും മകളാണ് കോമള്‍. പപ്പുവിന്റെയും രേഖയുടെയും മകളാണ് ശീതള്‍. മാര്‍ബിള്‍ തൊഴിലാളികളാണ് ഇവരുടെ മാതാപിതാക്കള്‍. കാലിക്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.
വീടിനു സമീപത്തെ അങ്കണവാടിയില്‍ ഏതാനും മാസം കുട്ടികള്‍ പഠനം നടത്തിയിരുന്നു. മറുനാട്ടുകാരായതിനാല്‍ തങ്ങളുടെ കുട്ടികള്‍ക്കു കേരളത്തില്‍ പഠനം നടത്താന്‍ കഴിയുമോയെന്ന ആശങ്ക തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം കുട്ടികളെ കണ്ടെത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സര്‍വശിക്ഷാ അഭിയാന്‍ സര്‍വേ നടത്തിവരുന്നുണ്ട്. ജൂണ്‍ മാസത്തില്‍തന്നെ സര്‍വേ പൂര്‍ത്തിയാക്കും. പ്രധാനാധ്യാപകര്‍, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ സഹായത്തോടെയാണ് കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍.
കുട്ടികളെ ചേര്‍ക്കുന്ന ക്ലാസിനനുസൃതമായ പഠന നിലവാരത്തിലേക്കുയര്‍ത്താന്‍ വിദ്യാഭ്യാസ വളണ്ടിയര്‍മാരുടെ സഹായത്തോടെ മൂന്നു മാസത്തെ പ്രത്യേക പരിശീലനവും നല്‍കും. ഇതിനായി ഫണ്ടും നീക്കിവച്ചിട്ടുണ്ട്. ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലെന്നതാണ് ഇത്തരം കുട്ടികളുമായി ബന്ധപ്പെട്ടുള്ള മറ്റൊരു പ്രശ്‌നം.
എന്നാല്‍, കുട്ടികള്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം ഹാജരാക്കി വിദ്യാലയത്തില്‍ പ്രവേശനം നേടാം. മൂന്നുമാസത്തിനകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."