സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ തലസ്ഥാനം മുന്നില്‍
റിപ്പോര്‍ട്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടേത്
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ തലസ്ഥാനം മുന്നില്‍. ഈ വര്‍ഷം മാര്‍ച്ച് വരെ 416 കേസുകളാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതലും പീഡനക്കേസുകളാണ്.
182 പീഡനക്കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭര്‍തൃപീഡനവും കുറവല്ല. 80 കേസുകളാണ് ഭര്‍തൃപീഡനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകള്‍ക്കു പുറമേ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന പീഡന മരണം തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഏറ്റവും കുറവ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വയനാട് ജില്ലയിലിലാണ്. മാര്‍ച്ച് വരെ 98 കേസുകള്‍ മാത്രമാണ് ഇവിടെയുള്ളത്.
കേസിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളതു മലപ്പുറം ജില്ലയാണ്. വിവിധ കേസുകളിലായി ആകെ 400 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, ഇവിടെ ഭര്‍തൃപീഡനമാണ് മുന്നില്‍. 118 ഭര്‍തൃപീഡന കേസുകളാണ് മൂന്നു മാസംകൊണ്ടു റിപ്പോര്‍ട്ട് ചെയ്തത്. അതിക്രമക്കേസുകളില്‍ മൂന്നാമതു കോഴിക്കോട് ജില്ലയാണ്. 361 കേസുകള്‍. 327 കേസുകളുള്ള കൊല്ലം നാലാമതുണ്ട്. തൃശൂര്‍ ജില്ലയില്‍ 291 കേസുകളും എറണാകുളത്ത് 288 കേസുകളുമാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ മൂന്നു മാസത്തിനിടെ 125 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇടുക്കിയില്‍ 112, കോട്ടയത്ത് 121, പാലക്കാട്ട് 139, കണ്ണൂരില്‍ 230, കാസര്‍കോട് 155 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
സ്ത്രീകളെ തട്ടിക്കൊണ്ടുപോയ കേസുകളിലും തിരുവനന്തപുരമാണ് മുന്നില്‍. മാര്‍ച്ച് വരെ ആറു കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് കണ്ണൂരാണ്.
കോട്ടയത്തും മലപ്പുറത്തും കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2015ല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരത്താണ്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1,649 കേസുകളാണ് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ ആകെ 812 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് തൃശൂര്‍ ജില്ലയാണ്. 1,378 കേസുകളാണ് ഇവിടെ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോട് മൂന്നാം സ്ഥാനത്തും കൊല്ലം നാലാം സ്ഥാനത്തുമുണ്ട്.
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമ കേസുകളില്‍ കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്തത് 12,383 കേസുകളാണ്. ഈ വര്‍ഷമാകട്ടെ മാര്‍ച്ച് വരെ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 3,219 കേസുകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."