എം.ജി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീം ഒരു ലക്ഷം മരങ്ങള്‍ നടും
കോട്ടയം: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങിന്റെയും ആഭിമുഖ്യത്തില്‍ ഈ വര്‍ഷം വനം വകുപ്പിന്റെ സഹകരണത്തോടെ ലക്ഷം മരങ്ങള്‍ നടും.
നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുള്ള 129 കോളജുകളിലും സര്‍വകലാശാല ക്യാംപസിലും പങ്കാളിത്ത ഗ്രാമങ്ങളിലുമാണ് മരങ്ങള്‍ നട്ടുവളര്‍ത്തുന്നത്. കോളജുകളില്‍ നടുന്ന വൃക്ഷത്തൈകളുടെ സംരക്ഷണ ചുമതല നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍ ഏറ്റെടുക്കും. വര്‍ഷാവസാനം വൃക്ഷത്തൈകളില്‍ എത്രഎണ്ണം സംരക്ഷിക്കപ്പെട്ടു എന്ന് പരിശോധിക്കുകയും ചെയ്യും.
കൂടാതെ ജൈവമാലിന്യം സംസ്‌കരിച്ച് വളമാക്കി മാറ്റുകയും മഴവെള്ളം സംഭരിക്കുകയും കാവുകളും കുളങ്ങളും മറ്റ് ജലസ്രോതസുകളെയും സംരക്ഷിക്കുകയും ചെയ്യും.
സര്‍വകലാശാല കാമ്പസില്‍ രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.കെ. സാബുക്കുട്ടന്‍, കാമ്പസ് പ്രോഗ്രാം ഓഫീസര്‍ റിന്‍സിമോള്‍ ജോസഫ്, വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."