വൈകി ഉദിച്ച 'വിവേകം'
കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ കാലം കഴിഞ്ഞെന്നും പ്രതിപക്ഷനേതൃസ്ഥാനത്തേയ്ക്കുള്ള തന്റെ തെരഞ്ഞെടുപ്പിലൂടെ ഒരു പുതിയസന്ദേശമാണു പ്രവര്‍ത്തകര്‍ക്കു നല്‍കുന്നതെന്നുമുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവന വൈകിയുദിച്ച വിവേകമാണ്. ഭരിക്കുന്ന മുന്നണി അധികാരത്തിലെത്തില്ലെന്ന കേരളത്തിന്റെ പതിവുരീതിക്കു വൈപരീത്യം സംഭവിക്കുമെന്ന പ്രതീക്ഷയുയര്‍ത്തിക്കൊണ്ടുവരാന്‍ യു.ഡി.എഫ് മുന്നണിക്കു കഴിഞ്ഞത് ഉമ്മന്‍ചാണ്ടി എന്ന ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതാവിന്റെ ഭരണമികവ് ഒന്നുകൊണ്ടുമാത്രമായിരുന്നെന്ന് ഏവരാലും അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
ഊണുംഉറക്കവുമില്ലാതെ സംസ്ഥാനത്തെ ജനങ്ങള്‍ക്കുവേണ്ടി ഓടിനടന്ന മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ അവരുടെയിടയിലേയ്ക്ക് ഇറങ്ങിവന്നു രാഷ്ട്രീയപ്രവര്‍ത്തനം കാരുണ്യസ്പര്‍ശമാക്കി മാറ്റിയ ഉന്നതനേതാവ്. കേരളം ഇന്നോളം കണ്ടതില്‍വച്ച് ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി. എന്നാല്‍, ഈ സവിശേഷതകളും അനുകൂലസാഹചര്യങ്ങളുമൊന്നും യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയിലേയ്ക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കും സാധിച്ചില്ലെന്നതു ദുഃഖകരമാണ്.
രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോള്‍ ഉദിച്ച വിവേകം ജനവിധിയുടെ മുമ്പുണ്ടായിരുന്നെങ്കില്‍ യു.ഡി.എഫ് നേതാക്കളുടെയും മുന്നണിയുടെയും ഈ നാണംകെട്ട തോല്‍വി ഒഴിവാക്കാമായിരുന്നു. യു.ഡി.എഫ് മുന്നണിയുടെ പ്രധാനഘടകകക്ഷികളായ മുസ്‌ലിംലീഗും കേരളകോണ്‍ഗ്രസുമൊക്കെ സീറ്റുവിഭജനസമയത്ത് യാതൊരുസമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും നില്‍ക്കാതെ കൂടുതല്‍ സീറ്റ് ആവശ്യപ്പെടണമെന്ന പ്രവര്‍ത്തകരുടെ വികാരംപോലും മാനിക്കാതെ ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടി സംയമനം പാലിച്ചപ്പോഴും ഗ്രൂപ്പുപോരിനെ മറികടന്നു തന്റെ സ്വന്തംതട്ടകത്തില്‍പ്പോലും ഒന്നില്‍ക്കൂടുതല്‍ സീറ്റുനേടിക്കൊടുക്കാന്‍ കഴിയാത്ത രമേശ് ഇനി ഗ്രൂപ്പിസം വേണ്ടെന്നുപറഞ്ഞാല്‍ അണികള്‍ എത്രത്തോളം അംഗീകരിക്കുമെന്നു കാത്തിരുന്നുകാണാം.
ഉമ്മന്‍ചാണ്ടിയെന്ന ഉന്നതനായ ഒരു രാഷട്രീയനേതാവിനുവേണ്ടി ഗ്രൂപ്പിനതീതമായ കാര്യങ്ങള്‍ നീക്കാന്‍ സാധിക്കാത്ത പാര്‍ട്ടിപ്രവര്‍ത്തകരെ രമേശിന്റെ കീഴില്‍ എങ്ങനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഗ്രൂപ്പുപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും മുന്നണി മര്യാദകള്‍ ലംഘിച്ചു വിഭാഗീയപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പാര്‍ട്ടി വിട്ടുപോവണമെന്നും വളരെ കര്‍ശനമായി പ്രവര്‍ത്തകരോട് ആഹ്വാനംചെയ്ത കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കിനുപോലും വിലകല്‍പ്പിക്കാതെ സ്വന്തംപാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെയും മുന്നണി സ്ഥാനാര്‍ഥിയെയും പരസ്യമായും രഹസ്യമായും കാലുവാരിയതില്‍ ഇപ്പോള്‍ സങ്കടപ്പെട്ടു കണ്ണീര്‍ പൊഴിക്കുന്നതില്‍ അര്‍ഥമില്ല.
'എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നന്നാവില്ല' എന്നു വിളിച്ചുപറയുന്ന വികൃതിക്കുട്ടികളെപ്പോലെ കോണ്‍ഗ്രസ് പെരുമാറിയാല്‍ രമേശ് എന്നല്ല സാക്ഷാല്‍ ലീഡര്‍ വന്നു ഗ്രൂപ്പു വേണ്ടെന്ന് ഉപദേശിച്ചാലും എ, ഐ സമവാക്യങ്ങള്‍ക്ക് അറുതിയുണ്ടാവുകയില്ലെന്നും തിരിച്ചുവരാന്‍ സാധിക്കാത്തവിധം ഇന്ദ്രപ്രസ്ഥത്തില്‍ തകര്‍ന്നടിഞ്ഞതുപോലെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി 'ഉപ്പുവച്ച കലം' കണക്കെ ദ്രവിച്ചുപോവുമെന്നുള്ള മുന്നറിയിപ്പുനല്‍കാന്‍ മുഴുവന്‍ നേതാക്കന്മാര്‍ക്കും സാധിക്കേണ്ടതുണ്ട്. ഒരു വ്യാഴവട്ടക്കാലം കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നയിച്ചശേഷമാണു പ്രതിപക്ഷനേതൃസ്ഥാനം വേണ്ടെന്നുവച്ചു മതൃകാപരമായ പ്രഖ്യാപനം നടത്തിയത്.
അദ്ദേഹം കാണിച്ച ഈ മാതൃകയില്‍ അധികാരത്തിനുവേണ്ടി പരക്കംപായുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപാടു പഠിക്കാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."