സംരക്ഷണ ഭിത്തിയില്ല; യാക്കര-ഡി.പി.ഒ ലിങ്ക് റോഡ് അപകടമേഖലയാകുന്നു
പാലക്കാട്: നഗരത്തിലെ പ്രധാന റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന യാക്കര-ഡി.പി.ഒ റോഡില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് പിന്‍ഭാഗത്തെ സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗം അപകടമേഖലയാകുന്നു. ജയമാതാ കോണ്‍വെന്റിന്റെ മതിലിനു ശേഷമുള്ള ബിവറേജസ് വരെയുള്ള ഭാഗമാണ് സംരക്ഷണ ഭിത്തിയില്ലാത്തത്. ഇവിടെ രണ്ടടി ഉയരത്തില്‍ ചെറിയ പില്ലറുകള്‍ ഉണ്ടെങ്കിലും മുഴുവനും കവര്‍ ചെയ്യാത്തതാണ് അപകടമേഖലയാവുന്നത്. രാത്രികാലങ്ങളില്‍ പ്രദേശത്ത് തെരുവുവിളക്കുകളുടെ അഭാവവും ഇവിടെ അപകടമേഖലയാക്കുന്നു. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും ഇവിടെ കൂടുടതല്‍ നേരം നിര്‍ത്തിയിടുന്നതും അപകടകരമാണ്.
കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു മുന്നിലെ തിരക്കൊഴിവാക്കാന്‍ വേണ്ടി ഡി.പി.ഒ റോഡില്‍നിന്നും ബസുകള്‍ക്ക് പ്രവേശിക്കുന്നതിനായി മതില്‍ പൊളിച്ച് പ്രവേശന കവാടമൊരുക്കിയിട്ടുണ്ടെങ്കിലും ചില ബസുകള്‍ എല്‍.ഐ.സി വഴി വരുന്നതും ഡി.പി.ഒ റോഡുവഴി വരുന്ന ബസുകള്‍ സ്റ്റാന്‍ഡിനു മുന്നിലൂടെ പോകുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. ഡി.പി.ഒ റോഡില്‍ സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗം താഴ്ചയുള്ള പ്രദേശമായതിനാല്‍ ഇരുചക്ര വാഹനങ്ങളോ കാല്‍നടയാത്രക്കാരോ അപകടത്തില്‍പ്പെട്ട് വീണാല്‍ തന്നെ അറിയാനിടയില്ല. നേരത്തെ കനാല്‍ ആയിരുന്ന പ്രദേശമാണ് കട്ട് ആന്‍ഡ് കള്‍വര്‍ട്ട് ചെയ്ത് റോഡാക്കി മാറ്റിയത്.
റോഡിന്റെ വളവും ഇവിടെ അപകടമേഖലയാക്കുന്നുണ്ട്. സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതും അപകട വളവും സംരക്ഷണ ഭിത്തിയില്ലാത്ത പ്രദേശവും കൂടിയാവുമ്പോള്‍ ഇവിടെ അപകടത്തിന്റെ തോത് വര്‍ധിക്കുയാണ്. സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്തെ ഇരുചക്ര വാഹനങ്ങളുടെയും ചെറിയ വാഹനങ്ങളുടെയും അനധികൃത പാര്‍ക്കിങ് അപകടത്തിന്റെ ആഴം കൂട്ടുകയാണ്.
എല്‍.ഐ.സി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അമ്പലത്തിനു മുന്നല്‍നിന്നും തിരിയുന്നതും യാക്കര, ഷാദിമഹാല്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങളുടെ അമിത വേഗതയും ഡി.പി.ഒ-ലിങ്ക് റോഡ് അപകടമേഖലയാക്കുന്നു. ഡി.പി.ഒ ലിങ്ക് റോഡില്‍ സംരക്ഷണഭിത്തിയില്ലാത്തിടത്ത് സംരക്ഷണഭിത്തി പണിയണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."