നിര്‍ഭയാ കേസില്‍ നാലു പ്രതികളെയും തൂക്കിലേറ്റുക ഒന്നിച്ച്, അപൂര്‍വ വധശിക്ഷ നടപ്പാക്കുന്നത് തിഹാര്‍ ജയിലില്‍
ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികളെയും ഒന്നിച്ചു തൂക്കിലേറ്റാന്‍ തിഹാര്‍ ജയിലില്‍ സംവിധാനമൊരുക്കിയെന്നു വിവരം. അതു സംഭവിക്കുകയാണെങ്കില്‍ പ്രതികളെ ഒന്നിച്ചു തൂക്കിലേറ്റുന്ന രാജ്യത്തെ ആദ്യ ജയിലായി തിഹാര്‍ മാറും.
നിലവില്‍ സെന്‍ട്രല്‍ ജയിലുകളില്‍ ഒരേസമയം ഒരാളെ തൂക്കിക്കൊല്ലാനാണ് സംവിധാനമുള്ളത്. നാലു പേരെയും ഒന്നിച്ചു തൂക്കിലേറ്റാനുള്ള സംവിധാനമൊരുക്കിയതായി ജയില്‍ അധികൃതരെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍, വധശിക്ഷ എന്നു നടപ്പാക്കാനാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല.
വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്ന പ്രതികളുടെ ഹരജി മുന്‍പ് കോടതി തള്ളിയിരുന്നു. ഇതോടെ, ശിക്ഷ നടപ്പാക്കുകയാണെന്നു കാണിച്ചു ജയില്‍ അധികൃതര്‍ പ്രതികള്‍ക്കു നോട്ടിസ് നല്കി. എന്നാല്‍, തങ്ങള്‍ക്ക് ഇനിയും നിയമപരമായി നീങ്ങാന്‍ അവസരമുണ്ടെന്നായിരുന്നു ഇതിനു മൂന്നു പ്രതികള്‍ മറുപടി നല്‍കിയത്. ഇതുപ്രകാരം, സുപ്രിംകോടതിയില്‍ തിരുത്തല്‍ ഹരജി ഫയല്‍ ചെയ്യുമെന്നും അതു തള്ളിയാല്‍ രാഷ്ട്രപതിക്കു ദയാഹരജി സമര്‍പ്പിക്കുമെന്നും പ്രതികളുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.
സംഭവസമയത്തു തനിക്കു പ്രായപൂര്ത്തിയായിരുന്നില്ലെന്നവകാശപ്പെട്ട് ഒരു പ്രതി സമര്‍പ്പിച്ച ഹരജി കോടതി തള്ളുകയും കോടതിയില്‍ വ്യാജ രേഖ ഹാജരാക്കിയതിന് അഭിഭാഷകന് പിഴയിടുകയും ചെയ്തിരുന്നു. തങ്ങള്‍ക്കു നീതി ലഭിക്കാന്‍ വൈകുന്നുവെന്നു കോടതിയില്‍ പരിഭവം പറഞ്ഞ ഇരയുടെ മാതാവിനോട്, നിയമത്തില്‍ പ്രതികള്‍ക്കുള്ള അവകാശങ്ങള്‍കൂടി തങ്ങള്‍ക്കു പരിഗണിക്കേണ്ടതായുണ്ടെന്നായിരുന്നു അന്നു കോടതി വ്യക്തമാക്കിയിരുന്നത്.
2012 ഡിസംബര്‍ 16ന് അര്‍ധരാത്രിയായിരുന്നു ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായിരുന്നത്. ക്രൂരമായി ആക്രമിക്കപ്പെട്ട ഇവര്‍ ആ വര്‍ഷം ഡിസംബര്‍ 29നു മരണത്തിനു കീഴടങ്ങുകയായിരുന്നു. കേസില്‍ പിടിയിലായ അഞ്ചുപേരില്‍ ഒരാള്‍ ജയിലില്‍വച്ച് ആത്മഹത്യ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."