സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും
കൊച്ചി: അന്തരിച്ച മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. താന്‍ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുക്കണമെന്ന് ബ്രിട്ടോ ഭാര്യ സീനയോട് പറഞ്ഞിരുന്നതായി സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി പി.രാജീവ് അറിയിച്ചു. തന്റെ മൃതദേഹത്തില്‍ റീത്ത് വെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചത്.എറണാകുളം വടുതലയില്‍ നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഐറിന്‍ റോഡ്രിഗ്‌സിന്റെയും മകനായി 1954 മാര്‍ച്ച് 27നാണ് ബ്രിട്ടോ ജനിച്ചത്. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജ്, ബിഹാറിലെ മിഥില സര്‍വകലാശാല, എറണാകുളം ലോ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളില്‍ പഠനം.
എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ലോ കോളജ് വിദ്യാര്‍ഥിയായിരിക്കേ ആണ് എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായത്. എസ്.എഫ്.ഐ ക്യാംപസുകളില്‍ തേരോട്ടം തുടങ്ങിയ എഴുപതുകളില്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു ബ്രിട്ടോ. ബിരുദ പഠനത്തിനിടയിലാണ് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ഭാസ്‌കര്‍ ബ്രിട്ടോയുടെ ജീവിതത്തിലേക്കു കടന്നു വരുന്നത്.
1983 ഒക്ടോബര്‍ 14ന് മഹാരാജാസ് കോളജിലെ എസ്.എഫ്.ഐകെ.എസ്.യു സംഘട്ടനത്തില്‍ പരുക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ബ്രിട്ടോക്കു നേരെ ആക്രമണം ഉണ്ടായത്. കെ.എസ്.യു പ്രവര്‍ത്തകരുടെ കുത്തേറ്റു വീണ് നട്ടെല്ല്, കരള്‍, ഹൃദയം, ശ്വാസകോശം എന്നിവയ്ക്ക് ഗുരുതര പരുക്കേറ്റു.
അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ട ബ്രിട്ടോ വീല്‍ ചെയറില്‍ സഞ്ചരിച്ച് സജീവ രാഷ്ട്രീയ, സാമൂഹ്യപ്രവര്‍ത്തനം തുടരുകയായിരുന്നു. അതിനിടെ 20062011 കാലഘട്ടത്തില്‍ നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി.
കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഹാര്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയ 'അഗ്രഗാമി', 'ചന്ദ്രന്റെ മാളിക' എന്നിവ ബ്രിട്ടോയുടെ നോവലുകളാണ്.
അഗ്രഗാമിക്ക് 2003ല്‍ അബൂദബി ശക്തി അവാര്‍ഡും പാട്യം ഗോപാലന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2015ല്‍ 138 ദിവസം കൊണ്ട് നടത്തിയ ഉത്തരേന്ത്യന്‍ യാത്ര ശ്രദ്ധേയമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."