ലോകകേരള സഭ ധൂര്‍ത്തിന്റെ പര്യായം: ചെന്നിത്തല
കണ്ണൂര്‍: ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായമായി ലോകകേരള സഭയെ സര്‍ക്കാര്‍ മാറ്റിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നാം ലോകകേരള സഭയ്ക്കു ശേഷം 60 നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതില്‍ വിരലിലെണ്ണാവുന്നവ മാത്രമാണു സര്‍ക്കാര്‍ നടപ്പാക്കിയത്. വിദേശത്തുപോയി ജീവിതകാലം മുഴുവന്‍ ചെലവഴിച്ച് ഉണ്ടാക്കിയ സ്വത്ത് കേരളത്തില്‍ കൊണ്ടുവന്നു നിക്ഷേപിച്ചപ്പോഴാണ് പ്രവാസികളായ ആന്തൂരിലെ സാജന്‍ പാറയിലിനും പുനലൂരിലെ സുഗതനും ആത്മഹത്യ ചെയ്യേണ്ടി വന്നത്. സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് ആറുമാസത്തെ അനുമതിയാണു നല്‍കിയത്.
നാലുലക്ഷം രൂപ മുടക്കി വാട്ടര്‍ടാങ്ക് പൊളിച്ചുമാറ്റിയാലേ സ്ഥിര അനുമതി നല്‍കൂവെന്നാണു സര്‍ക്കാര്‍ പറയുന്നത്. ആറുമാസത്തെ അനുമതി നീട്ടിക്കിട്ടാന്‍ സാജന്റെ ഭാര്യ മുട്ടാത്ത വാതിലുകളില്ല. സാജന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയ്‌ക്കെതിരേ സര്‍ക്കാര്‍ ഒരുനടപടിയും എടുത്തിട്ടില്ല. ഇതെല്ലാം ഇങ്ങനെ നില്‍ക്കുമ്പോള്‍ ലോകകേരള സഭ എന്തിനാണെന്നു തനിക്കറിയില്ല.
ട്രഷറി സ്തംഭിച്ചിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും മാപ്പര്‍ഹിക്കാത്ത ധൂര്‍ത്താണു സര്‍ക്കാര്‍ നടത്തുന്നത്. 16.5 കോടി മുടക്കിയാണു പഞ്ചനക്ഷത്ര സൗകര്യത്തോടെ തിരുവനന്തപുരത്തെ ശങ്കരനാരായണന്‍ തമ്പി ഓഡിറ്റോറിയം മോടിപിടിപ്പിക്കുന്നത്. ലോകകേരള സഭ ചെലവുകൂടിയാകുമ്പോള്‍ 25 കോടി വേണ്ടിവരും.
പ്രളയ പുനരധിവാസത്തിനായി ലോകബാങ്ക് വായ്പയായി നല്‍കിയ 1780 കോടി രൂപ ഇതുവരെ കൈമാറിയിട്ടില്ല. ഇതു ഏതു ബാങ്കിലാണു നിക്ഷേപിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ലോകബാങ്ക് അനുവദിച്ച വായ്പ പോലും സര്‍ക്കാര്‍ വകമാറ്റിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."