യുനെസ്‌കോയില്‍നിന്ന് ഔദ്യോഗികമായി പിന്മാറി
പാരീസ്: യുനെസ്‌കോയില്‍നിന്ന് യു.എസും ഇസ്‌റാഈലും ഔദ്യോഗികമായി പിന്മാറി. ഒരു വര്‍ഷത്തോളമായുള്ള നടപടികള്‍ക്കു ശേഷം പുതവത്സര ദിനത്തിന്റെ അര്‍ധരാത്രിയിലാണ് പിന്മാറ്റം പൂര്‍ണമാവുന്നത്. സംഘടനയില്‍ അടിസ്ഥാനപരമായ മാറ്റം ആവശ്യപ്പെട്ട് 2017 ഒക്ടോബറിലാണ് യുനെസ്‌കോയില്‍നിന്ന് പിന്‍മാറുന്നുവെന്ന് യു.എസ് പ്രഖ്യാപിച്ചത്. തങ്ങളോട് പക്ഷപാത നടപടികള്‍ സ്വീകരിക്കുന്നെന്ന് ആരോപിച്ച് പിന്നാലെ ഇസ്‌റാഈലും യുനെസ്‌കോയില്‍നിന്ന് പിന്മാറി. കിഴക്കന്‍ ജറൂസലമിലെ ഇസ്‌റാഈലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരേ യുനെസ്‌കോയുടെ നേതൃത്വത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കൂടാതെ 2011ല്‍ ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കിയതും ഇസ്‌റാഈലിനെ ചൊടിപ്പിച്ചിരുന്നു.
ലോകത്തിലെ പൈതൃകങ്ങള്‍, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയവ സംരക്ഷിക്കാനായി രണ്ടാംലോക മഹായുദ്ധാനന്തരം പാരിസ് അടിസ്ഥാനമാക്കി രൂപീകരിച്ച സംഘടനയാണ് യുനെസ്‌കോ.
യു.എസിന്റെയും ഇസ്‌റാഈലിന്റെയും പിന്മാറ്റം യുനെസ്‌കോയ്ക്ക് സാമ്പത്തികമായി ആഘാതമുണ്ടാക്കില്ല. ഫലസ്തീന് അംഗത്വം നല്‍കിയതിന് ശേഷം 2011 മുതല്‍ ഇരുരാജ്യങ്ങളും സംഘടനയ്ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായങ്ങള്‍ റദ്ദാക്കിയിരുന്നു.
1984ല്‍ റൊണാള്‍ഡ് റീഗണിന്റെ ഭരണകാലത്തും യു.എസ് യുനെസ്‌കോയില്‍നിന്ന് പിന്മാറിയിട്ടുണ്ട്. അഴിമതി, തെറ്റായ ഭരണസംവിധാനം, സോവിയറ്റ് യൂനിയനോട് അനുകൂല നിലപാട് എന്നിവ ആരോപിച്ചായിരുന്നു പിന്‍മാറ്റം. 2003ല്‍ ആണ് വീണ്ടും സംഘടനയില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."