ഗവര്‍ണറെ തള്ളി സ്പീക്കര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയതിലൂടെ നിയമസഭ ഭരണഘടനാ ലംഘനം നടത്തിയെന്ന ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്റെ വാദം തള്ളി നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പ്രമേയം പാസാക്കിയതിലൂടെ നിയമസഭ യാതൊരു ഭരണഘടനാ ലംഘനവും നടത്തിയിട്ടില്ലെന്നും സഭയുടെ ബാധ്യത നിറവേറ്റിയിരിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.
കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാപരമായോ സാധുതയില്ലെന്ന ഗവര്‍ണറുടെ പ്രസ്താവനയോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.
നിയമനിര്‍മാണ സഭകള്‍ക്ക് ജനാധിപത്യത്തില്‍ ചില അധികാരങ്ങളുണ്ട്. അത് വിനിയോഗിക്കുക മാത്രമാണ് ചെയ്തത്. സഭയെ ഇക്കാര്യത്തിനായി ഉപയോഗിച്ചുവെന്ന ഗവര്‍ണറുടെ വാക്ക് ശരിയല്ല. നിയമസഭയെ ഇക്കാര്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണ് തന്റെ നിലപാട്.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ വിയോജിപ്പ് അറിയിക്കാനുള്ള അവകാശം സഭയ്ക്കുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങളും വികാരങ്ങളുമെല്ലാം പ്രകടിപ്പിക്കേണ്ട വേദിയാണ് നിയമസഭ. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ ശക്തി നിലനില്‍ക്കുന്നതും ഇതിലാണ്. അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ലെന്നു പറയാന്‍ കഴിയുന്നത് എങ്ങനെ.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെയും 15 ന്റെയും ലംഘനമാണ്. നിയമ പരിരക്ഷ എല്ലാവര്‍ക്കും തുല്യമായി ലഭിക്കാന്‍ അവകാശമുണ്ട്. ജാതി, മത, വര്‍ഗ, ഭാഷ, പ്രാദേശിക വേര്‍തിരിവ് പാടില്ലെന്നും പറയുന്ന ഇവയുടെ നഗ്നമായ ലംഘനമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ നടപ്പിലാകുന്നത്. ഇതു ചൂണ്ടിക്കാട്ടേണ്ട ബാധ്യത നിയമസഭയ്ക്കുണ്ട്. അതാണ് നിറവേറ്റിയത്.
ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കെല്ലാം അഭിപ്രായം പറയാം. അതാണിപ്പോള്‍ രാജ്യത്ത് നടക്കുന്നത്. അതില്‍ ക്ഷോഭിക്കേണ്ട കാര്യമില്ല.
ഇതൊന്നും അറിയാത്ത ആളാണോ ഗവര്‍ണര്‍ എന്ന ചോദ്യത്തിന് അത് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. സഭയുടെ എല്ലാ അജന്‍ഡയും മുന്‍കൂട്ടി എഴുതി നല്‍കിയല്ല സഭ വിളിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടുന്നത്. ഗവര്‍ണറില്‍നിന്ന് വിവരങ്ങള്‍ ഒന്നും മറച്ചുവച്ചിട്ടില്ല.
അജന്‍ഡ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നത് സഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ്.
ഒരു സഭയ്ക്ക് മുകളില്‍ മറ്റൊരു സഭയ്ക്ക് അവകാശങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ലമെന്റിന്റെ അവകാശലംഘനസമിതിയില്‍ നോട്ടിസ് നല്‍കിയ ബി.ജെ.പി നടപടിയെക്കുറിച്ച് സ്പീക്കര്‍ വ്യക്തമാക്കി.
അവകാശലംഘനത്തിന് മുഖ്യമന്ത്രിക്ക് മാത്രമായിട്ടെങ്ങനെ നോട്ടിസ് നല്‍കും. സഭ വിളിച്ചുകൂട്ടിയ സ്പീക്കര്‍ക്കെതിരേയും പ്രമേയത്തെ പിന്തുണച്ച പ്രതിപക്ഷനേതാവിനെതിരെയും വോട്ട് ചെയ്ത അംഗങ്ങള്‍ക്കെതിരെയും അവകാശലംഘനത്തിന് നോട്ടിസ് നല്‍കേണ്ടി വരില്ലെ.കേരള നിയമസഭക്കെതിരായി ഒന്നിച്ച് അവകാശലംഘനത്തിന് നോട്ടിസ് നല്‍കുമോയെന്നും സ്പീക്കര്‍ ചോദിച്ചു. ഇതിനു മുമ്പും പല തവണ കേരള നിയമസഭ വിവിധ വിഷയങ്ങളില്‍ പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ഗവര്‍ണറെ തിരിച്ചുവിളിക്കണം:
കെ.സി വേണുഗോപാല്‍
കണ്ണൂര്‍: ഫെഡറല്‍ സംവിധാനത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കുന്നത് അടക്കമുള്ള നടപടികള്‍ കേന്ദ്രം തേടണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
പൗരത്വ നിയമ ഭേദഗതിയിലെ പാക് പരാമര്‍ശം വിഷയം വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പ്രധാനമന്ത്രിയും അമിത് ഷായും തീക്കൊള്ളികൊണ്ടു തലചൊറിയുകയാണ്.
നിര്‍ഭാഗ്യകരമായ കാര്യങ്ങളാണു രാജ്യത്തു നടക്കുന്നത്. കേരള നിയമസഭാ പ്രമേയത്തിന് എതിരായ അവകാശലംഘന നോട്ടിസില്‍ പാര്‍ലമെന്റ് അവകാശ സമിതിക്ക് ഒരുനടപടിയും എടുക്കാന്‍ കഴിയില്ല. നടപടി എടുക്കേണ്ടത് അമിത് ഷായ്ക്ക് എതിരെയാണ്.
ഗവര്‍ണറുടെ നിലപാടുകള്‍ ബി.ജെ.പി-ആര്‍.എസ്.എസ് അജന്‍ഡയുടെ ഭാഗമാണ്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ജോലികൂടി ചെയ്യുന്ന പോലെയാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനവുമായി ഏറ്റുമുട്ടാന്‍ കൊതിക്കുന്ന പോലെയാണു ഗവര്‍ണര്‍ പെരുമാറുന്നതെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."