നമ്മുടെ വീട്ടുമുറ്റത്തെത്താന്‍ പോകുന്ന യുദ്ധം
റവല്യൂഷനറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയുടെ വധം മിഡില്‍ ഈസ്റ്റിനെ മറ്റൊരു ദീര്‍ഘകാല യുദ്ധത്തിലേക്കുകൂടി നയിക്കുമെന്നുറപ്പാണ്. അമേരിക്കയില്‍ വൈസ് പ്രസിഡന്റ് എങ്ങനെയാണോ അതുപോലെ പ്രമുഖനാണ് ഇറാനില്‍ ഖാസിം സുലൈമാനി. അതിനാല്‍ തിരിച്ചടിക്കുന്ന കാര്യത്തില്‍ ഇറാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ല. ഇസ്‌ലാമിക് ഇറാനെതിരായ ഏറ്റവും വലിയ അതിക്രമമായാണ് ഇറാന്‍ ഇതിനെ കാണുന്നത്. അഭിമാനത്തോടെ നിലകൊള്ളണമെങ്കില്‍ തിരിച്ചടിക്കുകയല്ലാതെ ഇറാന്റെ മുന്നില്‍ മറ്റൊരു വഴിയില്ലെന്നതാണ് വസ്തുത. അത് അമേരിക്കയുടെ പ്രത്യാക്രമണത്തിലേക്കും വലിയൊരു യുദ്ധത്തിലേക്കും നയിക്കും. യുദ്ധം ഗള്‍ഫ് മേഖലയുടെ സുസ്ഥിരത എന്നന്നേക്കുമായി തകര്‍ക്കും. എണ്ണവില ഉയരും. ഗള്‍ഫില്‍നിന്ന് വന്‍തോതില്‍ പലായനമുണ്ടാകും. നാം കണക്കിലെടുത്താലുമില്ലെങ്കിലും വരാനിരിക്കുന്നത് നമ്മള്‍ ഓരോ ഇന്ത്യക്കാരന്റെയും വീട്ടുമുറ്റത്തെത്തുന്ന യുദ്ധമാണ്. പടിഞ്ഞാറേഷ്യയിലെ ഒരു യുദ്ധവും താങ്ങാവുന്ന നിലയല്ല ഇന്ത്യക്കുള്ളത്. നിലവില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നടിഞ്ഞ് കിടക്കുകയാണ്. ആഭ്യന്തര ഉല്‍പാദന നിരക്ക് ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഇടിഞ്ഞു. രാജ്യത്തെ കമ്പനികള്‍ ഒന്നിനു പിറകെ ഒന്നായി പൂട്ടുകയോ തൊഴിലാളികളെ കുറയ്ക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം താങ്ങാനാവാതായിരിക്കുന്നു. ഇതിലേക്കാണ് ഒരു യുദ്ധം കൂടി വരുന്നത്.
1979ല്‍ ഷാ ഭരണകൂടത്തെ പുറന്തള്ളിയ ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം ഇറാനും അമേരിക്കയുമായുള്ള ബന്ധം ഒരുകാലത്തും മെച്ചപ്പെട്ടിരുന്നില്ല. വിപ്ലവത്തിന് തൊട്ടുപിന്നാലെ ഇറാനിലേക്ക് സൈനിക നീക്കം നടത്താനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ ഫലം കണ്ടതുമില്ല. എന്നാല്‍ ഓരോ ഘട്ടത്തിലും ഇറാനില്‍ കുഴപ്പങ്ങളുണ്ടാക്കാനും ഇറാന്റെ സുസ്ഥിരത തകര്‍ക്കാനും അമേരിക്ക ശ്രമിച്ചുവന്നിരുന്നു. ഇറാന്റെ വളര്‍ച്ചയെയും അതോടൊപ്പം സ്വന്തം നാട്ടിലെ ശിഈ പ്രക്ഷോഭത്തെയും പേടിച്ചിരുന്ന സഊദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് ഏകാധിപതികള്‍ അമേരിക്കന്‍ താല്‍പര്യങ്ങളെ പരിരക്ഷിച്ചുപോന്നു.
25 ശതമാനത്തിലധികമാണ് സഊദിയിലെ ശിഈ ജനസംഖ്യ. ബഹ്‌റൈനില്‍ ഇത് 75 ശതമാനമാണ്. ഇറാഖിലെ 66 ശതമാനം വരുന്ന മുസ്‌ലിംകളില്‍ 40 ശതമാനത്തിനടുത്ത് ശിഈകളാണ്. യു.എ.ഇയിലുമുണ്ട് 15 ശതമാനത്തോളം ശിഈകള്‍. ഖത്തറില്‍ 10 ശതമാനമുണ്ട്. ലബനാനില്‍ ഇറാന്‍ നിയന്ത്രിക്കുന്ന ഹിസ്ബുല്ലയെന്ന ശക്തമായ സായുധ വിഭാഗമുണ്ട്. അവര്‍ക്ക് ശക്തരായ ഇസ്‌റാഈലിനെ വരെ 2000ത്തിലും 2006ലും തോല്‍പ്പിച്ച ചരിത്രവുമുണ്ട്. ഇറാഖിലാകട്ടെ ശിഈകളെ ശത്രുവാക്കി അമേരിക്കന്‍ സൈന്യത്തിന് ഏറെക്കാലം നിലനില്‍ക്കാനാകില്ല. മുഖ്തദ സദറിനെപ്പോലുള്ള ശിഈ നേതാക്കള്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മഹ്ദി പോലുള്ള പരിശീലനം കിട്ടിയ സൈനിക വിഭാഗങ്ങള്‍ ഇറാഖിലും ശിഈകള്‍ക്കുണ്ട്. ഫലത്തില്‍ നിശ്ചയിച്ചുറപ്പിച്ചാണെങ്കിലും അല്ലെങ്കിലും സ്വന്തം ഷൂസിനാണ് ട്രംപ് തീവച്ചത്.
രണ്ടു പ്രധാന പ്രതിസന്ധിയാണ് ഇന്ത്യക്ക് ഈ യുദ്ധത്തിലൂടെ വരാനിരിക്കുന്നത്. ഇതിലേറ്റവും വലുത് എട്ടു മില്യന്‍ ഇന്ത്യക്കാര്‍ പടിഞ്ഞാറേഷ്യയില്‍ ജോലി ചെയ്യുകയും ഗള്‍ഫ് മേഖലയില്‍നിന്ന് മാത്രം പ്രതിവര്‍ഷം 40 ബില്യന്‍ ഡോളര്‍ ഇന്ത്യയിലേക്ക് അവര്‍ മുഖേന എത്തുകയും ചെയ്യുന്നുണ്ടെന്നതാണ്. ഇന്ത്യയിലേക്കുള്ള ആകെ വിദേശനാണ്യത്തിന്റെ 50 ശതമാനത്തില്‍ അധികമാണിത്. 70 ബില്യന്‍ ഡോളറാണ് ഇന്ത്യയിലേക്ക് ആകെ പ്രതിവര്‍ഷം എത്തുന്ന വിദേശനാണ്യം. സംഘര്‍ഷം അവരെ അരക്ഷിതരാക്കി മാറ്റി. 1990കളില്‍ ഇറാഖിനെ യു.എസ് ആക്രമിച്ചപ്പോള്‍ മറ്റു ഗള്‍ഫ് മേഖലയെ ബാധിക്കാത്ത യുദ്ധമായിട്ടുപോലും ഒന്നേക്കാല്‍ ലക്ഷത്തോളം ഇന്ത്യക്കാര്‍ക്കാണ് പലായനം ചെയ്യേണ്ടി വന്നത്. ഗള്‍ഫ് മേഖലയില്‍ ഖത്തറും മറ്റു അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഖത്തറിന്റെയും യു.എ.ഇയുടെയും ബഹ്‌റൈന്റെയും വാണിജ്യമേഖലയെ ബാധിച്ചിട്ടുണ്ട്. നിരവധി കമ്പനികള്‍ പൂട്ടിപ്പോവുകയും ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. ദുബൈ ഇപ്പോഴും കരകയറാനാകാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വരുമാന നഷ്ടം മാത്രമല്ല, പ്രവാസികളുടെ വലിയ തോതിലുള്ള തിരിച്ചുവരവ് താങ്ങാനുള്ള ശേഷി ഇന്ത്യക്കില്ല. അവര്‍ക്കായി നല്‍കാന്‍ ജോലിയുമില്ല.
എണ്ണവിലയാണ് രണ്ടാമത്തേത്. ഖാസിം സുലൈമാനിക്കെതിരായ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ എണ്ണവിലയില്‍ നാലു ശതമാനത്തിന്റെ വര്‍ധനവുണ്ടായി. അമേരിക്കന്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെയാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇറാഖ്, സഊദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ഇന്ത്യ പ്രധാനമായും എണ്ണ വാങ്ങുന്നത്. ഗള്‍ഫ്, പേര്‍ഷ്യന്‍ ഇതര മേഖലകളില്‍നിന്ന് എണ്ണ വാങ്ങുകയെന്ന ആശയം നേരത്തെ തന്നെ സര്‍ക്കാരിലുണ്ടായിരുന്നെങ്കിലും യു.എസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുമായി ഇതിനായി നടത്തിയ ചര്‍ച്ചകള്‍ ഇറക്കുമതി ഘട്ടത്തിലെത്തിയിട്ടില്ല. റഷ്യയുമായുള്ള ചര്‍ച്ച പൂര്‍ത്തിയാട്ടില്ല. സുലൈമാനിയുടെ വധത്തിനു പിന്നാലെ ഡല്‍ഹിയില്‍ ചേര്‍ന്ന അടിയന്തരയോഗം ചര്‍ച്ച ചെയ്തതും ഇക്കാര്യമാണ്. ഗള്‍ഫ് എണ്ണയ്ക്ക് പകരം മറ്റു രാജ്യങ്ങളുടെ എണ്ണ ഇറക്കുമതി ചെയ്താല്‍ ഇന്ത്യയിലെ സംസ്‌കരിക്കാനുള്ള സംവിധാനങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും. അസംസ്‌കൃത എണ്ണവില ബാരലിന് 10 ഡോളര്‍ ഉയര്‍ന്നാല്‍ പോലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ 0.2 മുതല്‍ 0.3 ശതമാനം വരെ ബാധിക്കും. എണ്ണവില കൂടിയാല്‍ രാജ്യത്തിന്റെ ധനക്കമ്മി ഉയരും. പണപ്പെരുപ്പമുണ്ടാകും. കഴിഞ്ഞ സെപ്റ്റംബറില്‍ സഊദിയുടെ എണ്ണക്കമ്പനിയായ അരാംകോയിലുണ്ടായ ചെറിയ ഡ്രോണ്‍ ആക്രമണം പോലും എണ്ണവിതരണത്തെ അതിന്റെ ചരിത്രത്തിലാദ്യമായി ബാധിച്ചു. വലിയ യുദ്ധങ്ങള്‍ വലിയ നഷ്ടങ്ങളുണ്ടാക്കും.
ഏതുരീതിയിലായിരിക്കും ഇറാന്‍ തിരിച്ചടിക്കുകയെന്നത് സുപ്രധാനമാണ്. മിന്നലാക്രമണത്തിനുള്ള ഇറാന്റെ ശേഷി 1980 മുതല്‍ 1988 വരെ നീണ്ട ഇറാഖുമായുള്ള യുദ്ധത്തില്‍ കണ്ടതാണ്. ഈ രീതി സ്വീകരിച്ചാല്‍ മിഡില്‍ ഈസ്റ്റിലെ ഒരു രാജ്യത്തും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ സുരക്ഷിതമായിരിക്കില്ല. അഞ്ചരലക്ഷത്തോളം വരുന്ന പ്രൊഫഷനല്‍ സൈനികര്‍ ഇറാനുണ്ട്. നശീകരണ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുണ്ട്. ഡ്രോണ്‍ ആക്രമണത്തിന് ശേഷിയുണ്ട്. മുങ്ങിക്കപ്പലുകളുണ്ട്. അമേരിക്കയുടെ സൈനികശേഷി ഇതിലും വലുതാണെങ്കിലും മേഖലയിലെ തന്ത്രപരമായ മേല്‍ക്കൈ ഇറാനാണുള്ളത്. ചെങ്കടല്‍, അറബിക്കടല്‍, പേര്‍ഷ്യന്‍ ഗള്‍ഫ് കടല്‍ എന്നിവയിലൂടെയുള്ള ടാങ്കര്‍ ഗതാഗതം ഇറാന്റെ കനിവിലാണ്. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് അമേരിക്കന്‍ യുദ്ധക്കപ്പലുകളെ ആക്രമിക്കാന്‍ ഇറാന് കഴിയും. സഊദിയിലെയും ബഹ്‌റൈനിലെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനും പ്രയാസമുണ്ടാകില്ല. എന്നാല്‍ ഇറാന്റെ എണ്ണപ്പാടങ്ങളെല്ലാമുള്ളത് തീരപ്രദേശങ്ങളിലാണ്. ഇതിനെതിരേ ആക്രമണം നടത്തിയാകും അമേരിക്ക തിരിച്ചടിക്കുക. ദീര്‍ഘകാലയുദ്ധത്തിലേക്കും കെടുതികളിലേക്കും അത് ലോകത്തെ നയിക്കും. യുദ്ധമുണ്ടാകല്ലേ എന്ന് പ്രാര്‍ഥിക്കാനെ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."