വി.എം മൂസ മൗലവി വിനയാന്വിതനായ പണ്ഡിതന്‍
ഇ.എസ് ഹസ്സന്‍ ഫൈസി#
കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരില്‍ പ്രമുഖനാണ് ഇന്നലെ വഫാത്തായ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വടുതല വി.എം മൂസ മൗലവി. മലബാറിലെ പണ്ഡിതന്മാരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പ്രധാന ഗുരു തന്നെ സമസ്ത പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അസ്്ഹരി അവര്‍കളാണ്. തങ്ങളുടെ തലക്കടത്തൂര്‍ ദറസിലാണ് അദ്ദേഹം പഠനം നടത്തിയത്. സമസ്ത മുശാവറ മെമ്പറായിരുന്ന പരേതനായ കൈതക്കര അഹമ്മദുണ്ണി മുസ്്‌ലിയാര്‍ തലക്കടത്തൂര്‍ ദര്‍സിലെ അദ്ദേഹത്തിന്റെ സതീര്‍ത്ഥ്യനാണ്.
വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലാണ് ഉപരിപഠനം നടത്തിയത്. അന്ന് സമസ്ത പ്രസിഡന്റായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അന്ന് ബാഖിയാത്തില്‍ വച്ചുണ്ടായ ഒരു സംഭവം അദ്ദേഹം പലപ്പോഴും ഓര്‍മിക്കാറുണ്ട്, തബ്‌ലീഗ് ജമാഅത്ത് സജീവമായി വരുന്ന കാലം. ഒരു അറബി ബാഖിയത്തില്‍ തബ്‌ലീഗ് ജമാഅത്ത് പ്രചാരണാര്‍ഥം വന്നു. ശൈഖ് ആദം ഹസ്രത്തുമായി സംസാരിച്ചു. ഒരു ആയത്തിന്റെ പേരില്‍ അയാളുമായി അഭിപ്രായവ്യത്യാസമുണ്ടായി. അന്നേരം അറബി ആദം ഹസ്രത്തിനെ പരിഹസിക്കുന്ന രീതിയില്‍ പദപ്രയോഗം നടത്തി. ഇത് കേട്ടുനിന്നു കാളമ്പാടി ഉസ്താദും മൂസ മൗലവിയും അന്നത്തെ ചെറുപ്പത്തിന്റെ രീതിയില്‍ തന്നെ 'പിടിയെടാ അവനെ' എന്നു പറഞ്ഞ് ഓടി അടുക്കുകയും മറ്റു വിദ്യാര്‍ഥികളും കൂടി വന്നപ്പോള്‍ അറബി ഓടി രക്ഷപ്പെടുകയും ചെയ്തു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉറച്ച ശബ്ദവും ആത്മീയ സാന്നിധ്യവുമായിരുന്നു അദ്ദേഹം. പണ്ഡിത സഭയിലെ ഏറ്റവും അനുഭവ സമ്പന്നനും അനുഭവ ജ്ഞാനിയും.ഇസ്‌ലാമിലെ എല്ലാ വിജ്ഞാനശാഖകളിലും അഗാധപാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്. പ്രത്യേകിച്ച് ഹദീസിലും ഫിഖ്ഹിലും. ഞാന്‍ അദ്ദേഹത്തിന്റെ കുഞ്ഞുണ്ണിക്കര, കാഞ്ഞിരപ്പിള്ളി ദര്‍സുകളില്‍ നിന്നും ജാമി അഹസ്സനിയ്യയില്‍ നിന്നുമാണ് വിജ്ഞാനം കരസ്ഥമാക്കിയത്.
വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും ഏറെ വിനയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. വലിയ സൂക്ഷ്മതയുള്ള ആളായിരുന്നു. ഇല്‍മും അമലും ഒത്തിണങ്ങിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
സമസ്ത നേതാക്കളായിരുന്ന ഖുത്തുബി മുഹമ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുമായി അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു. ബഹുമാനപ്പെട്ട ചെറുശ്ശേരി ഉസ്താദുമായി അടുത്ത ബന്ധമായിരുന്നു. അസുഖബാധിതനായി കിടക്കുമ്പോള്‍ ആശുപത്രിയിലും വഫാത്തായപ്പോഴും സ്വന്തം ആരോഗ്യം കണക്കിലെടുക്കാതെ അദ്ദേഹം എത്തിയിരുന്നു. എന്റെ പ്രിയപ്പെട്ട ഉസ്താദിന് അല്ലാഹു മഗ്്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."