കൊല്ലത്ത് പ്രതിഷേധക്കാര്‍ അഴിഞ്ഞാടി
കൊല്ലം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബി.ജെ.പി ശബരിമല കര്‍മസമതി തുടങ്ങിയവയുടെ നേതൃത്വത്തില്‍ വ്യാപക അക്രമം. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും പൊലിസ് സ്റ്റോഷന്‍ ആക്രമിക്കുകയും ബസുകള്‍ക്ക് നേരേ കല്ലേറു നടത്തുകയും ചെയ്തു.
ബസ് യാത്രക്കാരനെ ബസില്‍ കയറി മര്‍ദ്ദിച്ചതിന്റെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന്റെയും ചിത്രമെടുത്ത മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. കൂടാഴതെ കൊട്ടാരക്കരയിലും പട്ടാഴിയലും ക്ഷേത്രങ്ങളില്‍ കയറി ഓഫിസുകളും വഴിപാടു കൗണ്ടറുകളും പൂട്ടിച്ചു.
ശബരിമല കര്‍മസമിതി,ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡുകള്‍ തടഞ്ഞും ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിച്ചുമാണ് ആക്രമണം നടത്തിയത്.
രാവിലെ 11 ഓടെ രാമന്‍കുളങ്ങരയില്‍ വാഹനം തടയുന്നതിനിടെ പ്രതിഷേധക്കാര്‍ ബസ് യാത്രക്കാരനെ ബസിനുള്ളില്‍ക്കയറി മര്‍ദ്ദിച്ചതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി. സനലിനെ മര്‍ദ്ദിക്കുകയും കാമറ നശിപ്പിക്കുകയും ചെയ്തു.
ഉച്ചക്ക് നഗരത്തില്‍ ബിഷപ്പ് ജെറോം നഗറിന് മുന്നില്‍ മീഡിയ വണ്‍ കാമറാമാന്‍ ബിജുവിനെ മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ചിന്നക്കട റൗണ്ടിന് മുന്നില്‍ വച്ച് കേരളകൗമുദി ലേഖകന്‍ ശ്രീധര്‍ലാലിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെങ്കിലം അദ്ദേഹം ഓടി രക്ഷപെട്ടു.നഗരത്തില്‍ വ്യാപകമായി സി.പി.എമ്മിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. കരുനാഗപ്പള്ളിയില്‍ വ്യപകമായി അക്രമം നടന്നു.
ഏതാനും കടകള്‍ അടച്ചുതകര്‍ത്തു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും ഉണ്ണിയപ്പ വിതരണ കൗണ്ടറും പ്രതിഷേധക്കാര്‍ അടപ്പിച്ചു. ജില്ലയില്‍ പരവൂര്‍, കൊട്ടാരക്കര, പട്ടാഴി തുടങ്ങിയ മേഖലകളില്‍ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തി.
ചടയമംഗലത്ത് എം.സി റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കൊട്ടാരക്കരയില്‍ പ്രതിഷേധക്കാര്‍ കടകളടപ്പിക്കാന്‍ ശ്രമിച്ചതിനെതിരേ വ്യാപാരികള്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. കൊല്ലം ആനന്ദവല്ലീശ്വരത്തെ ദേവസ്വം ബോര്‍ഡ് ഓഫിസിന് മുന്നില്‍ പ്രതിഷേധക്കാര്‍ കരിങ്കൊടി കെട്ടി. കൊല്ലം പട്ടാഴി ക്ഷേത്രത്തില്‍ വ്യാപക അക്രമം നടത്തി. ദേവസ്വം ഓഫിസില്‍ കയറി ഉദ്യോഗസ്ഥരെ മര്‍ദിച്ചു.
റെസിപ്റ്റുകള്‍ വലിച്ചു കീറുകയും ഫയല്‍ മുഴുവന്‍ വലിച്ചുകീറി നശിപ്പിക്കയും ചെയ്തു. പട്ടാഴിയില്‍ കൊടിമരം പരസ്യമായി തകര്‍ത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയ സമീപത്തെ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തിലെ അധ്യാപകനെ ക്രൂരമായി മര്‍ദിച്ചു.
പട്ടാഴി ക്ഷേത്രത്തില്‍ നടത്താനിരുന്ന വിവാഹം പോലും നടത്താന്‍ അക്രമികള്‍ സമ്മതിച്ചില്ല. വിവാഹത്തിന് വന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. കരുനാഗപ്പള്ളിലെ പ്രതിഷേധം അക്രമാസകതമായി. ആക്രമണത്തില്‍ അഞ്ച് പൊലിസ്‌ക്കാര്‍ക്ക് പരുക്കേല്‍ക്കുകയും പൊലിസ് ജീപ്പ് അടിച്ച് തകര്‍ക്കുകയും ചെയ്തു. പരുക്കേറ്റ എ.എസ്.ഐമാരായ ഷാഫി, സെബിന്‍ മാത്യു, പത്മകുമാര്‍, സി.പി.ഒമാരായ ബിനില്‍ രാജ്, രാജേന്ദ്രന്‍ എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ ഷാഫിയുടെ തലയക്ക് ദണ്ഡ് കൊണ്ടുള്ള അടിയില്‍ തലയ്ക്ക് മാരകമായി മുറിവേല്‍ക്കുകയും 12 ഓളം തുന്നലിടുകയും ചെയ്തു. സെബിന്‍ മാത്യൂവിന് പാറക്കല്ല് കൊണ്ടുള്ള അടിയില്‍ കൈയ്ക്ക് പരുക്കേറ്റു. മറ്റുള്ളവര്‍ക്ക് കുറുവടി കൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു. ഉച്ചയോടെയായിരുന്നു കരുനാഗപ്പള്ളിയില്‍ പ്രതിഷേധ പ്രകടനം അക്രമാസക്തമായത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരേയും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരേയും ആക്രമണം നടന്നു.
കരുനാഗപ്പള്ളിയില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി വേണാട് ബസിന് നേരേയുണ്ടായ ആക്രമണത്തില്‍ മൈനാഗപ്പള്ളി കുറ്റിച്ചന്തക്ക് സമീപം ബൈക്കില്‍ എത്തിയ യുവാക്കള്‍ ബസിന് കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ചില്ല് തകര്‍ന്നുവീണു ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരുക്കേറ്റു.
ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് പന്ത്രണ്ടോടെ കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡില്‍ ബസ് ഗതാഗതം നിലച്ചു.
കരുനാഗപ്പള്ളിയില്‍ രണ്ട് ചെരിപ്പ് കടകള്‍ക്ക് നേരേയും ആക്രമണംനടന്നു. അതിക്രമിച്ച് കടയില്‍ കയറിയ പ്രതിഷേധക്കാര്‍ സാധനങ്ങള്‍ വലിച്ച് വാരി എറിഞ്ഞു നശിപ്പിക്കുകയും ജീവനക്കാരനായ റംഷാദിനേ മര്‍ദ്ദിക്കകയും ചെയ്തു. പരുക്കേറ്റയുവാവിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനെ തുടര്‍ന്ന് വ്യാപാരികളുടെ പ്രതിഷേധ പ്രകടനവും നടത്തി. ഒരു മണിക്കൂറോളം കരുനാഗപ്പള്ളി ടൗണ്‍ ഭീതിയുടെ വക്കിലായിരുന്നു. കൂടുതല്‍ പൊലിസ് എത്തിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി. ചവറ,കുണ്ടറ,കൊട്ടിയം,അഞ്ചല്‍,പുനലൂര്‍,കടക്കല്‍,ചടയമംഗലം,ആയൂര്‍,പത്തനാപുരം,പരവൂര്‍,ചാത്തന്നുര്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."