റമദാന്‍ വിശ്വാസികളുടെ വിളവെടുപ്പ് കാലം
മാസങ്ങളുടെ നായകനെന്ന് പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) വിശേഷിച്ച വിശുദ്ധ റമദാനിന്റെ ഓരോ നിമിഷവും അനര്‍ഘവും അമൂല്യവുമാണ്. സ്വഛന്ദമായ ശരീരേഛകള്‍ക്ക് കീഴ്‌പെട്ട് മനുഷ്യന്‍ അനേകം തെറ്റുകള്‍ക്ക് വശംവദനാകുന്നുണ്ട്. കറുത്തു പോയ ഇത്തരം ഹൃദയങ്ങളെ ആത്മീയതയുടെ തെളിനീരില്‍ കഴുകിയെടുക്കുമ്പോള്‍ ഹൃദയം സംശുദ്ധമാകുന്നു. സുകൃതങ്ങള്‍ ആവാഹിക്കാന്‍ അതുമൂലം മനുഷ്യന്‍ പര്യപ്തനാവുകയാണ്. ആ ആത്മീയ പരിവേഷം സര്‍വരോടും ഗുണകാംഷ പകരുമെന്നതില്‍ സന്ദേഹമില്ല.
ശരീരത്തിലുള്ള മാലിന്യങ്ങളെ പുറത്ത് കൊണ്ട് വന്ന് അതിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിച്ച് രോഗ മുക്തമാക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നതില്‍ വ്രതത്തിന് അനല്‍പമായ പങ്കുണ്ടെന്നാണ് ഇന്നത്തെ പ്രകൃതി ചികിത്സകരുടെ നിരീക്ഷണം. പാശ്ചാച്യ വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറയിപ്പെടുന്ന എപ്പോക്രാറ്റസ്, വൈദ്യശാസ്ത്ര രംഗത്ത് ഭൂവന പ്രശസ്തനായ ഇബ്‌നുസീന എന്നിവര്‍ രോഗശമനത്തിന് വ്രതമായിരുന്നു നിര്‍ദേശിച്ചിരുന്നത്. സുപ്രസിദ്ധ ഗ്രീക്ക് ചിന്തകന്‍ പ്ലാറ്റോ പറഞ്ഞത് 'ഭക്ഷണം ലഘുവാക്കുക, എന്നാല്‍ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം' എന്നായിരുന്നു. ആരോഗ്യ സംരക്ഷണത്തിന് നോമ്പ് ഏറെ സഹായകമാണെന്ന് ആഗോള തലത്തില്‍ നടന്ന ആരോഗ്യ സംരക്ഷണ ചര്‍ച്ചകളില്‍ പോലും അംഗീകരിക്കപ്പെട്ടതാണ്.
പകല്‍ നോമ്പെടുത്ത് ടെലിവിഷന്‍ ചാനലുകളിലെ വിനോദ പരിപാടികള്‍ കണ്ട്, സോഷ്യല്‍ മീഡിയയില്‍ മാത്രം മുഴുകി സമയം തള്ളി നീക്കി, നോമ്പു തുറ മുതല്‍ ഭക്ഷണത്തിന്റെ ആര്‍ഭാടത്തിലൂടെ ആഘോഷിക്കുന്ന ഒരു അവസ്ഥയാണുള്ളത്. ഇത് നോമ്പിന്റെ യഥാര്‍ഥ സന്ദേശത്തെ തകര്‍ക്കുന്ന പ്രവണതയാണു. പകല്‍ ഭക്ഷണം വര്‍ജ്ജിക്കുന്നതിലൂടെ ദാരിദ്ര്യത്തെ അടുത്തറിയുക എന്നുള്ള ലക്ഷ്യം നോമ്പിനുണ്ട്, ഇത് നോമ്പ് തുറ മുതലുള്ള ഭക്ഷണാധിക്യത്തിലൂടെ നശിപ്പിക്കരുത്. നോമ്പ് തുറയും അത്താഴവുമൊക്കെ ലളിതമായിരിക്കുന്നത് റമദാനിനോട് ഏറെ നീതി പുലര്‍ത്താന്‍ സഹായിക്കും.
റമദാനിലെ പകലുകളും രാത്രികളും ഒരു പോലെ തന്നെ ശ്രേഷ്ടകരമാണു. അവ പ്രാര്‍ഥനകള്‍ കൊണ്ട് സമ്പന്നമാക്കുക.ഖുര്‍ആന്‍ പഠനം കൊണ്ടും പാരായണം കൊണ്ടും നിറയ്ക്കുക അതിലൂടെ നോമ്പിന്റെ മാനസിക ലക്ഷ്യം നേടാന്‍ കഴിയും.
'പിടിച്ച് നില്‍ക്കുക' എന്നര്‍ത്ഥമുള്ള 'സൗം' എന്ന അറബി പദത്തില്‍ നിന്നാണ് വ്രതത്തിന്റെ നിഷ്പത്തി. വികാര വിചാരങ്ങള്‍ അടക്കിപ്പിടിക്കുന്നതോടൊപ്പം സമ്പൂര്‍ണവും നിഷ്‌കളങ്കവുമായിരിക്കണമെന്നും ഇതിനര്‍ത്ഥമുണ്ട്. എല്ലാ തിന്മകളുടെ അഗ്നി ശകലങ്ങളെയും നന്മയുടെ ജലധാരകള്‍ കൊണ്ട് അണച്ചുകളയാന്‍ നിര്‍ബന്ധിക്കുന്നുണ്ട് ഇസ്‌ലാം. സര്‍വ വിധ തിന്മകളെയും വര്‍ജ്ജിച്ച് ആത്മീയ സുഗന്ധം ആവാഹിച്ചെടുത്ത് ഹൃദയ വസന്തത്തില്‍ സ്‌നേഹ പുലരി തീര്‍ക്കാന്‍ നിരന്തരമായി ഇസ്‌ലാം പ്രഘോഷിക്കുന്നത് ഏറെ കൗതുകം തന്നെ.
ക്രമ സമാധാനവും അക്രമ രഹിതവുമായ ഒരു സമൂഹത്തിന്റെയും സൃഷ്ടിപ്പ് കൂടി വിശുദ്ധ റമദാനിന്റെ സന്ദേശത്തില്‍ ഏറെ പ്രാധാന്യമാണ്. ദൈവീക ചിന്തകളിലും ഉപവാസനകളിലും മുഴുകുന്ന സമൂഹത്തിന് സാമൂഹിക സദാചാരം സാധ്യമാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."