അക്രമികള്‍ക്കെതിരേ കേസെടുക്കണം: പത്രപ്രവര്‍ത്തക യൂനിയന്‍
കാസര്‍കോട്: ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഘര്‍ഷമുണ്ടെന്നറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെയാണ് മാനുഷിക പരിഗണന പോലും നല്‍കാതെ അക്രമിച്ചത്. അക്രമികള്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ പൊലിസ് തയാറാകണമെന്നും യൂനിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ന്യൂസ് റിപ്പോര്‍ട്ടര്‍ എം.ബി ശരത്ചന്ദ്രന്, കാമറാമാന് ടി.ആര് ഷാന്‍, 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ്മാന്, കാമറാമാന് രഞ്ജു ജി.എന്‍.എസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അക്രമിച്ചത്. ഷാനിനെ നിലത്തിട്ട് ചവിട്ടുകയും മതിലിനിടിക്കുകയും ചെയ്തു.
ഒരു കാമറ പൂര്‍ണമായും നശിപ്പിച്ച സംഘം മറ്റൊരു സംഘത്തിന്റെ കാമറയ്ക്കും കേടുപാടുകള്‍ വരുത്തി. ഇതിനുപുറമെ വാഹനവും തകര്‍ത്തു. ഷൂട്ട് ചെയ്ത ദൃശ്യങ്ങളും നശിപ്പിച്ചു. ഷാനും ശരത്തും അടുത്ത വീടുകളില്‍ കയറിയാണ് രക്ഷപ്പെട്ടത്. അക്രമിച്ചവരെ ഉടന്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."