ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: എ ഗ്രൂപ്പില്‍ സമവായമായില്ല; കരുക്കള്‍ നീക്കി ഐ ഗ്രൂപ്പും രംഗത്ത്
കാഞ്ഞങ്ങാട്: കാല്‍നൂറ്റാണ്ട് കാലത്തെ ബി.ജെ.പി ബന്ധം ഒഴിവാക്കി നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ചേര്‍ന്ന് ഹൊസ്ദുര്‍ഗ് സര്‍വിസ് സഹകരണ ബാങ്കിന്റെ ഭരണം പിടിച്ചെടുത്തുവെങ്കിലും പ്രസിഡന്റിനെ നിശ്ചയിക്കുന്നത് സംബന്ധിച്ച ഇതുവരെ സമവായമായില്ല. നിലവിലുള്ള പ്രസിഡന്റ് ് മോഹനന്‍ നായര്‍ മത്സരരംഗത്തുനിന്നു മാറിനിന്നിരുന്നു. ആകെയുള്ള 13 സീറ്റില്‍ എട്ടു സീറ്റില്‍ കോണ്‍ഗ്രസും അഞ്ചു സീറ്റില്‍ മുസ്‌ലിം ലീഗുമാണ് മത്സരിച്ച് വിജയിച്ചത്. ഇതില്‍ അഞ്ചു സീറ്റില്‍ എ ഗ്രൂപ്പ് വിജയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പുകാരായ പ്രവീണ്‍ തോയമ്മലിന്റെയും പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്തിന്റെയും പേരുകളാണ് പരിഗണിക്കുന്നത്. ഇതില്‍ കാഞ്ഞങ്ങാട്ടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്ന ആളെന്ന നിലയില്‍ പ്രവീണിനാണ് പ്രഥമപരിഗണനയത്രെ. എന്നാല്‍ പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മുഖേന ഉമ്മന്‍ ചാണ്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാന്‍ പത്മരാജന്‍ രഹസ്യമായി നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സൂചന.
ഇതിനിടയില്‍ മൂന്നു സീറ്റ് മാത്രം ലഭിച്ച ഐ ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ ഡി.സി.സി വൈസ് പ്രസിഡന്റ് പി.കെ ഫൈസല്‍ അടക്കമുള്ളവര്‍ സജീവമായി രംഗത്തുണ്ട്. ലീഗ് മെമ്പര്‍മാരെ കൂടെ നിര്‍ത്തി വിലപേശാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം. മണ്ഡലം പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണനെ കരുവാക്കി ഗോപിക്കു വേണ്ടി സമ്മര്‍ദ്ദങ്ങളും ചെലുത്തുന്നുണ്ട്.
കാലാകാലങ്ങളായി ഹൊസ്ദുര്‍ഗ് സര്‍വിസ് സഹകരണ ബാങ്കില്‍ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാണ്. വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിനാണ്. ഇ.കെ.കെ പടന്നക്കാട്, കുഞ്ഞമദ് പുഞ്ചാവി എന്നിവരുടെ പേരുകളാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇതില്‍ ഇ.കെ.കെക്കാണ് മുന്തിയ പരിഗണന. ഇ.കെ.കെ ഐ.എന്‍.എല്‍ വിട്ട് ഒരു വര്‍ഷം മുമ്പാണ് മുസ്‌ലിം ലീഗിലെത്തിയത്. വരണാധികാരിയുടെ സൗകര്യം അനുസരിച്ച് നാലിനോ അഞ്ചിനോ ഹൊസ്ദുര്‍ഗ് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."