വന്യമൃഗ ശല്യം; വനാതിര്‍ത്തി പ്രദേശങ്ങളില്‍ ജനജീവിതം ദുസ്സഹമാകുന്നു
കല്‍പ്പറ്റ: വന്യമൃഗശല്യം രൂക്ഷമായതോടെ ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ജനജീവിതം ദുസ്സഹമാകുന്നു. കാര്‍ഷിക നാശങ്ങള്‍ക്ക് പുറമേ ജനവാസകേന്ദ്രങ്ങളിലെത്തുന്ന വന്യമൃഗങ്ങള്‍ ജനങ്ങളുടെ ജീവനും ഭീഷണിയായിരിക്കുകയാണ്. നേരത്തെ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്നുള്ള തിരുനെല്ലി പഞ്ചായത്ത്, പുല്‍പ്പള്ളി, മുത്തങ്ങ എന്നിവിടങ്ങളിലെയും മറ്റും വനാതിര്‍ത്തിഗ്രാമങ്ങളിലാണ് വന്യജീവി ശല്യം രൂക്ഷമായിരുന്നെങ്കില്‍ ഇന്ന് ഇതുവരെ ശല്യമില്ലാതിരുന്ന പല പ്രദേശങ്ങളിലും കടുവ, പുലി തുടങ്ങിയവ ഉള്‍പ്പെടെ ഭീതി പരത്തുകയാണ്.
മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, അട്ടമല തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാന നിരന്തരം എത്തുന്നത് ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസമാകുകയാണ്. മേപ്പാടി-മുണ്ടക്കൈ റോഡില്‍ രാത്രികാലങ്ങളില്‍ സഞ്ചരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. കാട്ടുപ്പന്നിക്കൂട്ടവും പുലിയുമാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ഭീഷണിയാകുന്നത്.
കൂടാതെ കള്ളാടി ഭാഗത്ത് പാമ്പുകളുടെ സാന്നിധ്യവും തിരിച്ചടിയാകുന്നുണ്ട്. ജില്ലയിലെ മറ്റിടങ്ങളില്‍ നിന്നടക്കം പിടികൂടുന്ന പാമ്പുകളെ കള്ളാടി ഭാഗത്തെ റോഡരികിലെ വനത്തിലും വയനാട് ചുരത്തിലുമാണ് വനം വകുപ്പ് തുറന്ന് വിടുന്നത്. ചുരത്തില്‍ മുഴുവന്‍ സമയവും വാഹനങ്ങളുണ്ടാകുമെന്നതിനാല്‍ കള്ളാടിയിലാണ് വനം വകുപ്പ് പാമ്പുകളെ തുറന്ന് വിടുന്നത്. സമീപകാലത്തായി നിരവധിതവണ വാഹനയാത്രക്കാര്‍ റോഡില്‍ പല സ്ഥലങ്ങളിലായി പുലിയെ കണ്ടതും ഭീതി പടര്‍ത്തുകയാണ്.
തേയിലത്തോട്ടത്തിലും സമീപത്തെ വനത്തിലും തമ്പടിക്കുന്ന മൃഗങ്ങള്‍ രാത്രികാലങ്ങളിലാണ് റോഡരികിലെത്തുന്നത്. തോട്ടംതൊഴിലാളികളും ഭീതിയോടെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം മുണ്ടക്കൈ ഫാക്ടറിക്ക് സമീപത്തുള്ള തൊഴിലാളികളുടെ ലയങ്ങള്‍ക്ക് സമീപം വരെ എത്തിയിരുന്നു. എന്നാല്‍ വന്യമൃഗ ശല്യത്തിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ വനം വകുപ്പ് ഇതുവരെ തയാറായിട്ടില്ല. മേപ്പാടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി രണ്ടുവര്‍ഷം മുന്‍പ് മുണ്ടക്കൈയില്‍ വനാതിര്‍ത്തികളില്‍ കിടങ്ങ് നിര്‍മിച്ചിരുന്നെങ്കിലും നിലവില്‍ മണ്ണിടിഞ്ഞും കാട് വളര്‍ന്നും ഇത് നികന്ന നിലയിലാണ്. ഇതോടെ കാട്ടാനകള്‍ക്ക് ഉള്‍പ്പെടെ എളുപ്പത്തില്‍ ജനവാസ കേന്ദ്രങ്ങളിലെത്തുകയാണ്. കാടും നാടും വേര്‍തിരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനോട് അധികൃതര്‍ അവഗണന തുടരുകയാണ്. അത്യഹിതം സംഭവിച്ചാലേ നടപടിയെടുക്കൂ എന്ന അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാകുന്നുണ്ട്.
അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ വടക്കനാട് മോഡല്‍ സമരത്തിന് സമീപകാലത്തായി ഈ പ്രദേശങ്ങളും സാക്ഷ്യം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."