അക്രമികളെ തടയാന്‍ 'ബ്രോക്കണ്‍ വിന്‍ഡോ '
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആക്രമണം നടത്തുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പിടികൂടാന്‍ പൊലിസ് ശക്തമായ നടപടിയിലേക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി 'ബ്രോക്കണ്‍ വിന്‍ഡോ' എന്ന പേരില്‍ സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ചു.
വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ സംസ്ഥാനത്ത് 745 പേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും അക്രമസാധ്യത കണക്കിലെടുത്ത് 628 പേരെ കരുതല്‍ തടങ്കലിലും എടുത്തിട്ടുണ്ട്. അക്രമ സംഭവങ്ങളുടെ പേരില്‍ 559 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാ പൊലിസ് മേധാവിമാരുടെയും കീഴില്‍ പ്രത്യേകസംഘത്തിന് രൂപംനല്‍കി. ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിന് ജില്ലകളിലെ സ്‌പെഷല്‍ ബ്രാഞ്ച് നടപടി സ്വീകരിക്കും.
സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയാറാക്കി ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് കൈമാറും. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും.
ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ ആയുധങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായി പരിശോധനയും നടത്തും. കൂടാതെ ഇത്തരം കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും ഭാവിയില്‍ അവ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും.
കുറ്റക്കാരെ ഉള്‍പ്പെടുത്തി ഫോട്ടോ ആല്‍ബം തയാറാക്കുന്നതിന് ജില്ലാ പൊലിസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കും. കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യും.
സാമൂഹ്യമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ കാംപയിന്‍, ഹെയ്റ്റ് കാംപയിന്‍ എന്നിവ നടത്തുന്നവര്‍ക്കെതിരേ എല്ലാ ജില്ലകളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.
അത്തരം പോസ്റ്റുകളുണ്ടാക്കി വിവിധ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."