ശബരിമല : പുനഃപരിശോധനാഹര്‍ജികള്‍ ഇനി കേള്‍ക്കുക വിശാല ബഞ്ച്: ഒന്‍പതംഗ വിശാല ബെഞ്ചായി, വിധിയെഴുതിയ ആരും വിശാല ബെഞ്ചിലില്ല
ന്യൂഡല്‍ഹി: ശബരിമല കേസിലെ പുനഃപരിശോധനാഹര്‍ജികള്‍ കേള്‍ക്കുന്നതിന് ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പുനഃപരിശോധനാഹര്ജികളില് ഈ മാസം 13 മുതലാണ് വാദം കേട്ടു തുടങ്ങുക. 60 ഹരജികളാണുള്ളതെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട നോട്ടിസില്‍ പറയുന്നു. മതപരമായ വിഷയങ്ങള്‍ക്കു രൂപീകരിച്ചേക്കാവുന്ന ഏഴംഗ ബെഞ്ചിന് ശബരിമല വിഷയം പരിഗണിക്കാമെന്ന് 2019 നവംബര്‍ 14ന് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ശബരിമല കേസുകള്‍ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
ശബരിമല കേസില്‍ വിധിയെഴുതിയ ആരും വിശാല ബെഞ്ചിലില്ല എന്നത് ശ്രദ്ധേയമാണ്. അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളായ ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്.എഫ്.നരിമാന്, ഖാന് വില്ക്കര് എന്നിവര്‍ വിശാല ബെഞ്ചില്‍ ഉള്‍പ്പെടേണ്ടതായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഇവരെ പാടെ ഒഴിവാക്കിയാണ് ഒന്‍പതംഗ ബെഞ്ച് രൂപീകരിച്ചത്. വിശാല ബെഞ്ചിന് വിടുന്നതിനെ ജസ്റ്റിസ് ആര്.എഫ് നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എതിര്‍ത്തിരുന്നു.
ജസ്റ്റിസുമാരായ ആര്. ബാനുമതി, അശോക് ഭൂഷണ്, എം.ശാന്തനഗൗഡര്‍, എസ്.അബ്ദുള്‍ നസീര്‍, ആര്.സുഭാഷ് റെഡ്ഡി, ബി.ആര് ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."