മരുന്നുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത
വടക്കാഞ്ചേരി: വാഴാനി പുഴയുടെ ഒന്നാംകല്ല് ചിറയോട് ചേര്‍ന്നു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഒന്‍പതു ചാക്ക് ജീവന്‍ രക്ഷാമരുന്നുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.
ഉപേക്ഷിച്ച മരുന്നുകളെല്ലാം വില കൂടിയ ഇനത്തില്‍പെട്ടവയാണ്. കുപ്പിമരുന്നും തുള്ളിമരുന്നും ഗുളികകളും ഇതില്‍ ഉള്‍പ്പെടുന്നു. പലതും പായ്ക്കറ്റില്‍നിന്നു പുറത്തെടുക്കുക പോലും ചെയ്യാതെയാണ് ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചിരിക്കുന്നത്.
അതിനിടെ, ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയായ വ്യാജമരുന്നുകളാണു ജനവാസമില്ലാത്ത മേഖലയില്‍ ഉപേക്ഷിച്ചതെന്ന് ആരോപിച്ചു നാട്ടുകാര്‍ രംഗത്തെത്തി. മരുന്ന് ഉപേക്ഷിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ കുത്തിയിരിപ്പുസമരം നടത്തി. ഇതോടെ വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി മരുന്നു ചാക്കുകള്‍ പിടികൂടി. തുടര്‍ന്ന് ഇവയില്‍നിന്നു ലഭിച്ച മൊത്തവ്യാപാരിയുടെ വിലാസത്തില്‍ ബന്ധപ്പെട്ടപ്പോള്‍ ആദ്യം സ്ഥലത്തെത്താനോ ഉപേക്ഷിച്ച മരുന്നുകള്‍ വീണ്ടെടുക്കാനോ ഇയാള്‍ തയാറായില്ല. എന്നാല്‍ പൊലിസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ ഇയാള്‍ സ്ഥലത്തെത്തുകയായിരുന്നു.
ഹരിയാനയിലെ പാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സില്‍നിന്നു വിതരണത്തിനെത്തിച്ച മരുന്നുകളില്‍ കാലാവധി കഴിഞ്ഞവ നശിപ്പിക്കാന്‍ ചിലരെ എല്‍പിച്ചിരുന്നതാണെന്നും കൂര്‍ക്കഞ്ചേരിയിലെ എലിക്‌സ് ഫാര്‍മ ഉടമ കൂടിയായ രാജേഷ് അറിയിച്ചു. എന്നാല്‍ ഇതു വ്യാജമരുന്നുകളാണെന്നു ജനങ്ങള്‍ പരാതി പറഞ്ഞതോടെ ഉടമക്കെതിരേ പൊലിസ് കേസെടുത്തു.
നാട്ടുകാര്‍ ഡ്രഗ് കണ്‍ട്രോളര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മരുന്ന് ലൈസന്‍സിയെ നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."