HOME
DETAILS

ശ്രീലങ്കയില്‍ നിന്ന് സമാധാനം നാടുവിടുമോ?

  
backup
January 09 2020 | 01:01 AM

545431313123123-2

ഇന്ത്യയുടെ വടക്കും കിഴക്കും പടിഞ്ഞാറുമുള്ള അയല്‍പക്ക രാജ്യങ്ങളായ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷ മര്‍ദനങ്ങള്‍ നടക്കുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്. അക്കാരണം പറഞ്ഞാണ് ആ മുസ്‌ലിം ഭൂരിപക്ഷനാടുകളില്‍ നിന്നുള്ള മുസ്‌ലിമേതര്‍ക്കൊക്കെയും ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്നു മോദി ഗവണ്‍മെന്റ് തിരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നുവെന്നു അവിടങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ക്ക് മുറവിളികൂട്ടാം. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളെ ഉടുപ്പിന്റെയും നടപ്പിന്റെയും കാര്യം പറഞ്ഞു പീഡിപ്പിക്കുന്നുവെന്നു ആ രാഷ്ട്രങ്ങള്‍ പറഞ്ഞാല്‍ നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട എന്നു അവരോട് നമുക്കും മറുപടി പറയാം. എന്നാല്‍ ഐക്യരാഷ്ട്രസഭ ഇടപെടുമ്പോള്‍ എങ്ങനെ കൈകഴുകും?


എന്നാല്‍, മൂന്നു അയല്‍പക്ക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ മാത്രം അഭയാര്‍ഥികളായി സ്വീകരിക്കാന്‍ നാം നിയമനിര്‍മ്മാണം നടത്തുമ്പോള്‍, മ്യാന്‍മാറിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാം മറന്നു പോകുന്നു. ശ്രീലങ്കയിലെ തമിഴ് വംശജരുടെ കാര്യവും ഓര്‍ക്കാതെപോകുന്നു. മ്യാന്‍മാറിലെ ആങ് സാന്‍ സൂചിയും ശ്രീലങ്കയിലെ ഗോതബായ രാജപക്‌സയേയും സുഖിപ്പിക്കാന്‍ ഡല്‍ഹിയിലിരിക്കുന്ന നരേന്ദ്ര മോദി ശ്രമിക്കുകയാണ്. നവംബര്‍ മധ്യത്തില്‍ ശ്രീലങ്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രതിരോധമന്ത്രിയായ രാജപക്‌സ ശ്രീലങ്കാ പൊതുജന പെരമുന എന്ന പാര്‍ട്ടിയുടെ ബാനറില്‍ അധികാരത്തിലെത്തുന്നതാണ് കണ്ടത്. 52 ശതമാനം വോട്ടുകള്‍ മാത്രമെ എഴുപതുകാരനായ ഈ ലെഫ്റ്റനന്റ് കേണലിനു ലഭിച്ചത്. 35 സ്ഥാനാര്‍ഥികള്‍ അരങ്ങത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച സജിത് പ്രേമദാസക്കു തമിഴരുടെയും മുസ്‌ലിംകളുടെയും പിന്തുണ ഉണ്ടായിട്ടും ജയിച്ചു കയറാന്‍ ഒത്തില്ല. നിലവിലുളള പ്രസിഡന്റോ, പ്രധാനമന്ത്രിയോ, പ്രതിപക്ഷ നേതാവോ മത്സരിക്കാത്ത തെരഞ്ഞെടുപ്പായിരുന്നു ഇത്.


കേരളത്തിന്റെ ഇരട്ടിവലുപ്പം മാത്രമെ ഉള്ളുവെങ്കിലും, ഇന്ത്യാസമുദ്രത്തിലെ ഈ ദ്വീപ് രാഷ്ട്രത്തില്‍ കേരളത്തിന്റെ ജനസംഖ്യപോലുമില്ല. എങ്കിലും 1948ല്‍ സ്വാതന്ത്ര്യം പ്രാപിച്ച ഈ രാജ്യത്ത് 70 ശതമാനം പേരും ബുദ്ധമതക്കാരാണ്. മുസ്‌ലിംകള്‍ 9.7 ശതമാനം, ഹൈന്ദവര്‍ 12.6 ശതമാനം, ക്രൈസ്തവര്‍ 6.2 ശതമാനം. സാക്ഷരത 95 ശതമാനമുണ്ടെങ്കിലും അഹിംസാവാദികളായ ബുദ്ധമതക്കാരുടെ രാഷ്ട്രമെന്ന പേര്, ശ്രീലങ്ക പലതവണ കളങ്കപ്പെടുത്തിയതാണ്. പ്രധാനമന്ത്രി സോളമന്‍ ബണ്ടാര നായക 1959ല്‍ വധിക്കപ്പെടുകയും, പില്‍ക്കാലത്ത് ഔദ്യോഗിക സന്ദര്‍ശനത്തിനായി ചെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആക്രമിക്കപ്പെടുകയും ഒക്കെ ചെയ്തത് ചരിത്രം. തമിഴ് ടൈഗേഴ്‌സ് എന്ന പേരില്‍ തീവ്രവാദികള്‍ രംഗപ്രവേശം ചെയ്തതും സ്വതന്ത്രരാഷ്ട്രം ആവശ്യപ്പെട്ട് അവര്‍ കലാപത്തിനിറങ്ങിയതും ആരും മറക്കില്ല. 2006ല്‍ വംശീയകലാപം സൃഷ്ടിച്ച് മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ മടി കാണിക്കാത്ത ഇക്കൂട്ടരോട് അനുഭാവം കാണിച്ച ഒരു കൂട്ടം പേര്‍ ചേര്‍ന്നാണ് ഇന്ത്യയുടെ ഏറ്റവും ചെറുപ്പക്കാരനായ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ 1991ല്‍ കൊല ചെയ്തത്. എന്നാല്‍ തീര്‍ത്തും സമാധാനവാദികളായ ലങ്കന്‍ മുസ്‌ലിംകളെ തമിഴ് തീവ്രവാദികള്‍ കൂട്ടക്കൊല നടത്തിയപ്പോള്‍ കാര്യമായ ഒരു ഇടപെടലും നടത്താതിരുന്ന ശ്രീലങ്കന്‍ ഭരണകൂടം ഒടുവില്‍ തമിഴ് ഈഴം സ്വതന്ത്ര രാജ്യത്തിനുവേണ്ടി കലാപത്തിനിറങ്ങിയപ്പോള്‍ അവരെ അടിച്ചമര്‍ത്താന്‍ ഒട്ടും മടിച്ചില്ല.


ആ പഴയ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സേനാധിപന്‍ എന്ന അപഖ്യാതിയുള്ള ഗോതബായ രാജപക്‌സയാണ് ഇപ്പോള്‍ അവിടെ രാഷ്ട്രപതിയായി വന്നിരിക്കുന്നത്. ഇത് തമിഴരേയും മുസ്‌ലിംകളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. പോരെങ്കില്‍ പ്രസിഡന്റായി ചുമതല ഏല്‍ക്കും മുന്‍പ് തന്നെ ഗോതബായ തന്റെ സഹോദരനായ മഹിന്ദരാജപക്‌സയെ പ്രധാനമന്ത്രിയായി നിശ്ചയിച്ചിരിക്കുകയുമാണ്. ഇന്ത്യാവിരുദ്ധ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ചൈനയുമായി സൗഹൃദം ഊട്ടി ഉറപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ് ശ്രീലങ്ക. ഇന്ത്യക്ക് ഇതില്‍ ആശങ്കയുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിച്ച ഉടനെ ആദ്യവിദേശയാത്ര ഇന്ത്യയിലേക്കാക്കിക്കൊണ്ട് പ്രസിഡന്റ് ഗോതബായ നമ്മെ ആശ്വസിപ്പിക്കുന്നുമുണ്ട്.


എന്നാല്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളിലെ മുസ്‌ലിമേതര അഭയാര്‍ഥികള്‍ക്കെല്ലാം പൗരത്വം നല്‍കാന്‍ സന്നദ്ധമായ ഇന്ത്യ, ശ്രീലങ്കയിലുള്ളവര്‍ക്ക് ആ വാതില്‍ തുറന്നുകൊടുത്തിട്ടില്ല. തമിഴരോടൊപ്പം അവിടത്തെ മുസ്‌ലിംകളും അഭയാര്‍ഥികളായി വരുമോ എന്നു ഇന്ത്യ ഭയപ്പെടുന്നതാണോ എന്നറിയില്ല. ഇക്കാരണത്താല്‍ തന്നെ ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ ആശങ്കാകുലരാണ്. നേരത്തെ ആഭ്യന്തരകലാപത്തില്‍ ജീവനും സ്വത്തിനും ഏറ്റ നഷ്ടങ്ങളില്‍ നിന്നു ഇനിയും കരകയറാനാവാത്തവരാണവര്‍.


കഴിഞ്ഞ ഏപ്രിലിലെ ഈസ്റ്റര്‍ വേളയില്‍ തൗഹിദ് ജമാഅത്ത് എന്ന പേര് പറഞ്ഞ് ഏതാനും മുസ്‌ലിം നാമധാരികള്‍ കൊളംബോയില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ ആക്രമിക്കുകയുണ്ടായി. പ്രാര്‍ഥനക്കെത്തിയ 360 പേരെ ആ തീവ്രവാദികള്‍ കൊന്നതിന്റെ പശ്ചാത്തലത്തില്‍ ഇനി എന്ത് സംഭവിക്കുമെന്നറിയാതെ വിഷമിക്കുകയാണ് അവിടുത്തെ മുസ്‌ലിംകള്‍.
എണ്ണ കണ്ടെത്തി ഗള്‍ഫ് രാജ്യങ്ങള്‍ സ്വര്‍ണമണിയുന്നതിനു മുന്‍പ് ശ്രീലങ്ക എന്നു ഇന്നറിയപ്പെടുന്ന അന്നത്തെ സിലോണിലേക്കും, സിംഗപ്പൂര്‍, ബര്‍മ തുടങ്ങിയ നാടുകളിലേക്കും കടലും കരയും കടന്നുപോയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കൂടി വളര്‍ത്തിയെടുത്തനാടാണ് ശ്രീലങ്ക.


സെറന്‍ ദ്വീപ് എന്ന അറബികളും സൈലോവോ എന്ന പോര്‍ച്ചുഗീസുകാരും സൈലന്‍ എന്ന ഡച്ചുകാരും വിളിച്ചിരുന്ന പ്രദേശത്തിനു ബ്രിട്ടീഷുകാരിട്ട പേരായിരുന്നു, സിലോണ്‍ എന്നത്. 1972ലാണ് അത് ശ്രീലങ്കയായത്. ഇന്ത്യയില്‍ നിന്നു മുപ്പത് കിലോമീറ്റര്‍മാത്രം അകലമാണ് (കോഴിക്കോട് നിന്ന് അടിവാരം വരെയുള്ള ദൂരം പോലുമില്ല) ഈ ദ്വീപിലേക്ക്. ക്രിസ്തുവിനു മുന്‍പ് ആറാം നൂറ്റാണ്ട് മുതല്‍തന്നെ ഇന്ത്യയില്‍നിന്നു ആദ്യ ദ്രാവിഡ കുടിയേറ്റം നടന്നിരുന്നുവത്രെ. ക്രിസ്താബ്ദം പത്താം നൂറ്റാണ്ട്‌വരെ തമിഴ് രാജാക്കന്മാരുടെ ആധിപത്യമായിരുന്നു ഇവിടെ. കൊളംബോ തുറമുഖത്തിന്റെ മേധാവിത്വം മുസ്‌ലിം വ്യാപാരികള്‍ക്കുമായിരുന്നു. പോര്‍ച്ചുഗീസ് ആധിപത്യത്തിനു പിന്നാലെ ബ്രിട്ടീഷ്‌കാരെത്തി. 1948ല്‍ അവര്‍ ഒഴിഞ്ഞുപോവുകയും ചെയ്തു.


എന്നാല്‍ ബുദ്ധമതക്കാരായ സിംഹളര്‍ അവരുടെ അക്രമരഹിത സിദ്ധാന്തങ്ങളൊക്കെ കാറ്റില്‍പറത്തി 1983ല്‍ നടത്തിയ സംഘട്ടനത്തില്‍ പതിനായിരക്കണക്കിനാളുകളാണ് മരിച്ചുവീണത്. എല്‍.ടി.ടി.ഇ. എന്ന വിമോചനസേന ജനിക്കുന്നതിനു മുന്‍പു തന്നെ സാമൂഹികരംഗത്തും വ്യാപാരവാണിജ്യരംഗത്തും ഇന്ത്യക്കാരായ തമിഴരും മലയാളികളും അവിടെ വേരിറക്കിയിരുന്നു. ശ്രീനാരായണഗുരു 1918ലും 1926ലും ലങ്കയില്‍ വന്നു ജാതിമതാതീതമായ ഒരു വ്യവസ്ഥയുടെ സന്ദേശം പരത്തിയിരുന്നതായി പഴയകാല മലയാളികള്‍ ഓര്‍ക്കുന്നു. മലയാളി വേരുകളുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ മുന്‍ തലമുറക്കാരും ഏറെക്കാലം ലങ്കയിലുണ്ടായിരുന്നു.


കോഴിക്കോടിനടുത്ത് ബേപ്പൂരില്‍ നിന്നു കടല്‍ താണ്ടിയെത്തിയ ദരിദ്രബാലനായ പുത്തന്‍വീട്ടില്‍ ഉമ്പിച്ചി അവിടെ വിവിധ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടു ഒരു വാണിജ്യ വിപ്ലവം തന്നെ നടത്തുന്നതും ചരിത്രം കണ്ടു. കൊളംബോയിലെ പുറംകോട്ടയില്‍ തുടങ്ങി ആട്ടുപെട്ടിവരെ നീണ്ടു കിടക്കുന്ന തെരുവില്‍ കെട്ടിടങ്ങള്‍ മിക്കവയും പി.ബി ഉമ്പിച്ചിഹാജിയുടെതായിരുന്നു. രാജ്യതലസ്ഥാനമായ കൊളംബോയില്‍ വിമാനത്താവളമുണ്ടാക്കാനുള്ള സ്ഥലം സംഭാവന ചെയ്തത്‌പോലും ഈ മലയാളിയത്രെ. കേരളീയരടക്കം ഒരുപാട്‌പേര്‍ക്ക് തൊഴില്‍ നല്‍കി സംരക്ഷിച്ചുപോന്ന ഉമ്പിച്ചിഹാജി 1936ല്‍ 82-ാം വയസില്‍ കൊളംബോയില്‍ തന്നെയാണ് മരണപ്പെട്ടത്. വാണിജ്യചക്രവര്‍ത്തിയായി വാണ അദ്ദേഹത്തിന്റെ വിയോഗം ശ്രീലങ്കന്‍ പത്രങ്ങള്‍ മൂന്നുദിവസങ്ങളിലായാണ് പ്രസിദ്ധീകരിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍പോലും അനുശോചനയോഗമുണ്ടായി.


സമാന്തര ന്യായാധിപന്‍ എന്നു അര്‍ഥമുള്ള ജസ്റ്റിസ് ഓഫ് പീസ് ബഹുമതി നല്‍കി ശ്രീലങ്കന്‍ ഗവണ്‍മെന്റ് ഈ മലയാളിയെ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഖബറടക്കം, ഉമ്പിച്ചിഹാജിതന്നെ പണം കൊടുത്തുവാങ്ങിയ സ്ഥലത്തു നിര്‍മ്മിച്ച മസ്ജിദുല്‍ ലാഫിറിന്റെ ശ്മശാനത്തിലാണ് നടന്നത്. അതിനായി ഗവണ്‍മെന്റ് പ്രത്യേകാനുമതി നല്‍കുകയായിരുന്നു. ഈ പശ്ചാത്തലമെല്ലാം ഉള്ളപ്പോഴും സമാധാനവും സൗഹൃദവും, ശ്രീലങ്കന്‍ ദ്വീപില്‍ നിന്നു നാട് വിട്ടുപോകുമോ എന്ന ആശങ്ക ഇവിടുത്തെ രണ്ടുകോടി മാത്രം വരുന്ന ജനങ്ങള്‍ക്കുണ്ട്. അത് മാറ്റിയെടുക്കാന്‍ പ്രസിഡന്റ് പദവും പ്രധാനമന്ത്രിസ്ഥാനവും പങ്ക് വയ്ക്കുന്ന രാജപക്‌സ സഹോദരന്മാര്‍ക്ക് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago
No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago