ഹജ്ജ്: സുരക്ഷാ സംവിധാനങ്ങളും മുന്നൊരുക്കങ്ങളും ആഭ്യന്തര മന്ത്രി വിലയിരുത്തി
ജിദ്ദ : ഹജ്ജ് സീസണില്‍ ആഭ്യന്തര മന്ത്രാലയ ഏജന്‍സി നടപ്പാക്കുന്ന മുന്നൊരുക്കങ്ങളും സുരക്ഷാ സംവിധാനങ്ങളും ആഭ്യന്തരമന്ത്രിയും സുപ്രീം ഹജ് കൗണ്‍സില്‍ ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ വിലയിരുത്തി.
യോഗത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സാങ്കേതിക കാര്യവിഭാഗം ചുമതലയുള്ള സഹായി ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്ല അല്‍മശാരി രാജകുമാരന്‍, ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ അലി അല്‍റബീആന്‍ എന്നിവരും സംബന്ധിച്ചിരുന്നു.
റിയാദ്, മക്ക പ്രവിശ്യകളെയും മിനാ, മുസ്ദലിഫ, അറഫ തുടങ്ങി പുണ്യസ്ഥലങ്ങളെയും ഹൈ ഡെഫ്‌നിഷന്‍ നിരീക്ഷണ ക്യാമറകളില്‍ ബന്ധിപ്പിച്ച മന്ത്രാലയത്തിന്റെ ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക് പ്രോഗ്രാമിന്റെ പ്രദര്‍ശനം കിരീടാവകാശി വീക്ഷിച്ചു. ലോകത്തിന്റെ വിവിധ പ്രവിശ്യകളില്‍നിന്നുമായി എത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ സുരക്ഷിതത്വവും സേവനവും മുന്‍നിര്‍ത്തി ഹൈസ്പീഡ് വയര്‍ലെസ് നെറ്റ്‌വര്‍ക് സംവിധാനം പ്രവര്‍ത്തിക്കുന്നതും അദ്ദേഹം വിലയിരുത്തി.
സുരക്ഷാ വിഭാഗത്തിന് ജോലികള്‍ ക്രമീകരിക്കുന്നതിനും ദൗത്യനിര്‍വഹണത്തില്‍ സഹായിക്കുന്നതിനും രൂപകല്‍പ്പന ചെയ്ത ഹൈ സ്പീഡ് 4 ജി ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക് പ്രോഗ്രാമിന്റെ പ്രവര്‍ത്തന രീതി അദ്ദേഹം പ്രത്യേകം പരിശോധിച്ചു . അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ചും കിരീടാവകാശിക്ക് സുരക്ഷാ വിഭാഗം മേധാവികള്‍ വിശദീകരണം നല്‍കി.
ജനത്തിരക്കേറിയ ഹജ്, ഉംറ സീസണുകളില്‍ അതിവേഗത്തില്‍ അതീവ രഹസ്യമായി ശബ്ദ സന്ദേശങ്ങളും വിവരണങ്ങളും കൈമാറുന്നത് സംബന്ധിച്ചുള്ള വിവരണത്തിലും മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ സംതൃപ്തി പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."