സാന്ത്വനത്തിന്റെ മൂന്ന് ദിനരാത്രങ്ങള്‍; ക്യൂരിയോസ് പാലിയേറ്റീവ് കാര്‍ണിവലിന് വെള്ളിയാഴ്ച തുടക്കം
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ചെസ്റ്റ് ആശുപത്രിക്ക് സമീപത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനില്‍ (ഐ.പി.എം) ഇനി മൂന്ന് ദിനരാത്രങ്ങള്‍ സാന്ത്വനത്തിന്റെ കരസ്പര്‍ശങ്ങളുമായി ക്യൂരിയോസ് ദ കാര്‍ണിവല്‍ അരങ്ങേറും. കെടാവിളക്കുകള്‍ കൊണ്ട് അലങ്കരിച്ച നടപ്പാതകളും, മരണത്തെക്കുറിച്ച് മാത്രം പറയുന്ന ഡെത്ത് കഫേയും, ആനന്ദം കൊണ്ട് സാന്ത്വനം തീര്‍ക്കുന്ന കാടും മരിക്കുന്നതിനും മുമ്പെ പൂര്‍ത്തീകരിക്കേണ്ട ആഗ്രഹങ്ങള്‍ എഴുതിച്ചേര്‍ക്കാനുള്ള വര്‍ണമരങ്ങളും റെഡിയാണ്.
രോഗീപരിചരണത്തിനായി വിദ്യാര്‍ഥികളെ പരുവപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിന്റെ ധനസമാഹാരണവുമാണ് കാര്‍ണിവലിന്റെ രണ്ടാം എഡിഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
10, 11, 12 തിയ്യതികളിലാണ് കാര്‍ണിവലില്‍ കലാവിനോദ പരിപാടികള്‍, ഭക്ഷ്യമേള, ഫോട്ടോഗ്രഫി എക്‌സിബിഷന്‍ തുടങ്ങിയ വിവിധ പരിപാടികളാണ് ഒരുക്കുന്നത്. എല്ലാ ദിവസവും രണ്ടു മണി മുതല്‍ 10 മണി വരെയാണ് പരിപാടികള്‍.
സ്മൃതി വനത്തില്‍ ഒരുക്കിയ കാട് ആണ് പ്രധാനവേദി. ഇവ കൂടാതെ നടുമുറ്റം, കുടില്‍, ശ്രീ എന്നിങ്ങനെ നാല് വേദികളിലായാണ് പരിപാടി. കാതിന് ഇമ്പമേകുന്ന സംഗീത വിരുന്നുമായി റാസയും ബീഗവും മെഹ്ഫില്‍ ഇസെമയും ഫാഷന്‍ ലോകത്തെ പുതിയ വിശേഷങ്ങളുമായി ക്യൂരിയസ് ഫാഷന്‍, മരണത്തെക്കുറിച്ച് ഒരു സംവാദത്തിന് ഡെത്ത് കഫെ, പ്രശാന്ത് ഐ.എ.എസ്, ജോസഫ് അന്നംകുട്ടി ജോസ്, മെന്റലിസ്റ്റ് ആതി തുടങ്ങി പ്രശസ്തര്‍ അനുഭവങ്ങള്‍ പങ്കുവക്കുന്ന സ്റ്റോറി ടെല്ലിംഗ്, യുവ സംഗീത ലോകത്തെ സംഗീത പ്രതിഭകളുടെ മായാപ്രകടനങ്ങള്‍ എന്നിവയാണ് കാര്‍ണിവലിനെ ശ്രദ്ധേയമാക്കുന്നത്.
വിസ്മയിപ്പിക്കുന്ന മായാജാല പ്രകടനങ്ങളും കലാമത്സരങ്ങളും ജീവിത മൂല്യത്തെ മനസിലാക്കി തരുന്ന വ്യത്യസ്തമായ വിവിധ സെഷനുകളും കാര്‍ണിവലില്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."