ഷെയിന്‍ നിഗം പറയുന്നത് കള്ളമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
കൊച്ചി: പ്രതിഫലത്തെക്കുറിച്ച് ഷെയിന്‍ നിഗം ആരോപിക്കുന്ന കാര്യങ്ങള്‍ കള്ളമാണെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ നിഗം സഹകരിച്ചില്ലെങ്കില്‍ ഉല്ലാസം സിനിമയില്‍ അഭിനയിക്കുന്നതിനായി ഒപ്പുവച്ച കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പുറത്തുവിടുമെന്നും നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരത്തിലാണ് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത്. 2016ല്‍ ആണ് പൈങ്കിളി എന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഒപ്പുവയ്ക്കുന്നത്. അടുത്ത് ഇറങ്ങുന്ന ചിത്രങ്ങള്‍ ഹിറ്റ് ആകുമെന്ന് പറഞ്ഞാണ് അന്ന് 25 ലക്ഷത്തിന് കരാര്‍ ഒപ്പിട്ടത്. പൈങ്കിളി സിനിമ പിന്നീട് ചിത്രകഥ എന്നും ഒടുവില്‍ ഉല്ലാസം എന്നും പേര് മാറ്റുകയായിരുന്നുവെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ആ ചിത്രത്തിന്റെ സംവിധായകനും പിന്നീട് മാറി.
2017ല്‍ കരാര്‍ ഒപ്പിട്ട 'ഈട'യില്‍ ഷെയിന്‍ വാങ്ങിയത് 25 ലക്ഷമാണ്. അതുകഴിഞ്ഞുള്ള 'കുമ്പളങ്ങി നൈറ്റ്സി'ന് വാങ്ങിയത് 15 ലക്ഷമാണ്. 2018ല്‍ ഒപ്പിട്ട വലിയ പെരുന്നാളിന് വാങ്ങിയ പ്രതിഫലം 30 ലക്ഷമാണ്. ഇതുവരെ ഒരു ചിത്രത്തിനും താരം 45 ലക്ഷം പ്രതിഫലം വാങ്ങിയിട്ടില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. എം. രഞ്ജിത്ത്, സിയാദ് കോക്കര്‍, ജോബി ജോര്‍ജ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."