പൗരത്വ നിയമം പിന്‍വലിക്കണം: ചരിത്ര കോണ്‍ഗ്രസ് പ്രമേയം
കോട്ടയം: പൗരത്വ നിയമം പിന്‍വലിക്കണമെന്ന് കേരള ചരിത്ര കോണ്‍ഗ്രസ്. മഹാത്മാഗാന്ധി സര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കുന്ന അഞ്ചാമത് ചരിത്ര കോണ്‍ഗ്രസില്‍ പ്രമേയത്തിലൂടെയാണ് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന നിയമം ഇന്ത്യന്‍ ഭരണഘടന പ്രദാനം ചെയ്യുന്ന വകുപ്പുകളുടെ ലംഘനമാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയാകെ നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും ചരിത്ര കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പൗരത്വം ജനങ്ങളുടെ അവകാശമാണ്, തെളിയിക്കപ്പെടേണ്ടതായ ഒന്നല്ല. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ വിയോജിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചിന്തകര്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങളെയും കിരാതനടപടികളെയും ചരിത്ര കോണ്‍ഗ്രസ് അപലപിച്ചു.
ഇന്ത്യയെന്ന മഹത്തായ ആശയവും ഭരണഘടനാ മൂല്യങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ പ്രതികരിക്കുന്നവര്‍ക്ക് ചരിത്രകോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ചരിത്രകോണ്‍ഗ്രസിന്റെ മുന്‍ സെക്രട്ടറി ഡോ.ടി. മുഹമ്മദാലി അവതരിപ്പിച്ച പ്രമേയത്തെ ജന. സെക്രട്ടറി ഡോ.എന്‍. ഗോപകുമാരന്‍ നായര്‍ പിന്താങ്ങി. 750 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസ് ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്.
കേരള ചരിത്ര കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ.രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."