പ്രതിയെന്ന് സംശയിക്കുന്ന മഞ്ഞ ഷര്ട്ടുകാരന് സിസിടിവിയില്‍; ജിഷ വധക്കേസില്‍ നിര്‍ണായക തെളിവ്
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതിയുടേതെന്നു സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പൊലിസിനു ലഭിച്ചു. ജിഷയുടേയും മഞ്ഞ ഷര്‍ട്ടിട്ട യുവാവിന്റെയും ദൃശ്യങ്ങളാണ് ജിഷയുടെ വീടിനു സമീപത്തെ വളം വില്‍പ്പന കേന്ദ്രത്തിലെ സിസി ടിവി ക്യാമറയില്‍ നിന്നു ലഭിച്ചത്.
ജിഷയും യുവാവും ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. മഞ്ഞ ഷര്‍ട്ടിട്ട യുവാവിനെ കണ്ടുവെന്ന മൊഴികള്‍ ശരിവയ്ക്കുന്നതാണ് ദൃശ്യങ്ങള്‍.
ദൃശ്യങ്ങളില്‍നിന്നു ഇയാളുടെ മുഖം വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടുത്തെ തന്നെ അഞ്ചാമതൊരു സിസി ടിവി കൂടി പരിശോധിക്കാനുണ്ട്. അതില്‍നിന്ന് വ്യക്തത വരുമെന്നാണ് പൊലിസ് കരുതുന്നത്.
സംഭവം നടന്ന അന്നു രാവിലെ ജിഷ കോതമംഗലത്തേക്ക് പോയതായി വിവരം ലഭിച്ചിരുന്നു.
കൊലപാതകം നടന്ന ദിവസം ജിഷയുടെ വീടിനു സമീപത്ത് മഞ്ഞ ഷര്‍ട്ടിട്ട ഒരാളെ കണ്ടുവെന്ന് സാക്ഷി മൊഴികളുണ്ടായിരുന്നു. കൊല്ലപ്പെട്ട ദിവസം വീട്ടില്‍നിന്ന് ജിഷയുടെ നിലവിളി കേട്ടെന്ന് സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.
ഇപ്പോഴത്തെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊലപാതകം നടത്തിയതു ജിഷയുടെ അടുത്ത പരിചയക്കാരനാണെന്ന നിഗമനത്തില്‍ തന്നെയാണു പൊലിസ്. ജിഷയുടെ മൊബൈല്‍ ഫോണിലെ മൂന്നു പേരുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പക്ഷേ, എങ്ങും എത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."