ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രസിഡന്റ്
കുന്നത്തൂര്‍: 8ാം വാര്‍ഡിന്റെ സമഗ്രവികസനത്തിന് പഞ്ചായത്ത് സെക്രട്ടറി തടസം നില്‍ക്കുന്നുവെന്നാരോപിച്ച് വാര്‍ഡ്‌മെമ്പര്‍ പി.എസ് രാജേശേഖരന്‍പിള്ള നടത്തിയ ഒറ്റയാന്‍ സമരം ഫലം കണ്ടു.
ഇന്നലെ രാവിലെ പത്തോടെയാണ് പ്ലക്കാര്‍ഡുമായി അദ്ദേഹം സെക്രട്ടറിയുടെ മുറിക്കുമുന്നില്‍ നിരാഹാരം ആരംഭിച്ചത്. മെമ്പര്‍ക്ക് പിന്തുണ അറിയിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ള വാര്‍ഡ് നിവാസികളും എത്തിയതോടെ സമരം ചൂടുപിടിച്ചു. എന്നാല്‍ വിവരം മുന്‍കൂട്ടി മനസിലാക്കിയ സെക്രട്ടറി എത്തിയിരുന്നില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു രാജശേഖരന്‍പിള്ളയും വാര്‍ഡ് നിവാസികളും.
പിന്നീട് സമരം നീണ്ടുപോയപ്പോള്‍ പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ് ചര്‍ച്ചയ്‌ക്കെത്തുകയും രാജശേഖരന്‍പിള്ളയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയുമായിരുന്നു.
മാര്‍ച്ച് 31ന് മുമ്പ് ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. 8ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കുന്നത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് നിര്‍മാണത്തിന് മൂന്നര ലക്ഷം തന്നെ അനുവദിക്കുമെന്നും പത്ത് ദിവസത്തിനുള്ളില്‍ ആശുപത്രിക്ക് നെയിംബോര്‍ഡ് സ്ഥാപിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ ലാബില്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിന് ജില്ലാ മെഡിക്കല്‍ അധികൃതരുമായി ബന്ധപ്പെടും.
കൂടാതെ ആശുപത്രിയിലേക്ക് ഉടനടി വാട്ടര്‍ കണക്ഷനും നല്‍കും.
വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് യഥേഷ്ടം ജോലി നല്‍കുന്നതിനും പെന്‍ഷന്‍ അപാകതകള്‍ പരിഹരിക്കുന്നതിനും ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."