നിരോധനാജ്ഞയില്‍ മഞ്ചേശ്വരം മേഖല ശാന്തം
മഞ്ചേശ്വരം: വ്യാഴാഴ്ച രാത്രി എട്ടരയോടെ കടമ്പാര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പരിസരത്തും കുഞ്ചത്തൂരിലുമുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞയെ തുടര്‍ന്ന് മഞ്ചേശ്വരം മേഖല ശാന്തതയിലേക്ക്. ഇന്നലെ രാവിലെ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നേരിയ അക്രമസംഭവങ്ങള്‍ വൈകുന്നേരമാവുമ്പോഴേക്കും പരിധി വിടുന്ന ഘട്ടമെത്തി. തുടര്‍ന്നാണ് കുഞ്ചത്തൂരിലും കടമ്പാറിലും അക്രമം പൊട്ടിപുറപ്പെട്ടത്. സംഭവത്തിന്റെ ഗൗരവാവസ്ഥ കണക്കിലെടുത്ത് കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ സായുധ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. കോസ്റ്റല്‍ പൊലിസ് ഡി.ഐ.ജി കെ.ടി ഫിലിപ്പ് ഇന്നലെ രാവിലെ കാസര്‍കോട്ടും മഞ്ചേശ്വരത്തും സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ പൊലിസ് മേധാവി ഡോ.എ. ശ്രീനിവാസ്, എ.എസ്.പി ഡി. ശില്‍പ, ക്രൈംബ്രാഞ്ച് സി.ഐ സി.എ അബ്ദുല്‍ റഹിം എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതികള്‍ നിരീക്ഷിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."