മുനമ്പം മനുഷ്യക്കടത്ത്: അന്വേഷണം കടല്‍കടക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച മുനമ്പം മനുഷ്യക്കടത്ത് കേസ് അന്വേഷണം ഒരു വര്‍ഷം കഴിയുമ്പോള്‍ വിദേശത്തേക്കും വ്യാപിപ്പിക്കുന്നു. മത്സ്യബന്ധന ബോട്ടില്‍ മുനമ്പത്തുനിന്ന് 87 പേരെ വിദേശത്തേക്കു കടത്തിയ സംഭവത്തില്‍ യാത്ര പോയവര്‍ക്ക് എന്തു സംഭവിച്ചു, ബോട്ട് എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലിസ് അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തെ വിദേശത്തേക്ക് അയക്കാന്‍ കേരള പൊലിസ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
2019 ജനുവരി 12നാണ് മുനമ്പം മാല്യങ്കര ബോട്ട് ജെട്ടിയില്‍നിന്ന് മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ കടത്തിയതായി പറയുന്നത്. മുനമ്പം തീരത്തുനിന്ന് ഭക്ഷണം നിറച്ച പാക്കറ്റുകളും 54 ബാഗും കണ്ടെടുത്തോടെയാണ് മനുഷ്യക്കടത്തെന്ന വിവരം പുറത്തുവരുന്നത്. കുറഞ്ഞ നിരക്കില്‍ ബോട്ട് മാര്‍ഗം ന്യൂസിലന്‍ഡ്, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്ക് എത്തിക്കാമെന്നു പറഞ്ഞ് ഏജന്റുമാര്‍ 87 പേരെ കയറ്റി അയക്കുകയായിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് കേരള പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുകയും ചെയ്തിരുന്നു. പക്ഷേ ഒരു വര്‍ഷം പിന്നിട്ടിട്ടും ഒന്നും കണ്ടെത്താന്‍ പൊലിസിനായിട്ടില്ല.
ശ്രീലങ്കന്‍ സ്വദേശി ശ്രീകാന്തന്‍ ആണ് കേസിലെ ഒന്നാം പ്രതി. കോയമ്പത്തൂര്‍ സ്വദേശി സെല്‍വം രണ്ടാം പ്രതിയുമാണ്. കേസില്‍ അറസ്റ്റിലായ സെല്‍വം, പ്രഭു, രവി, അനില്‍ കുമാര്‍ എന്നിവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് പൊലിസിന് കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണം ഇരുട്ടില്‍തപ്പുന്ന സാഹചര്യത്തിലാണ് മലേഷ്യ, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലിസ് ശ്രമിക്കുന്നത്. കേരള പൊലിസിനൊപ്പം കേന്ദ്ര ഏജന്‍സികളുടെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണസംഘം രൂപീകരിക്കാനാണ് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."