വീണ്ടും പ്രധാനമന്ത്രിയുടെ ന്യായീകരണം
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമംമൂലം ആരുടെയും പൗരത്വം നഷ്ടപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം ബംഗാളിലെത്തിയ അദ്ദേഹം, കൊല്‍ക്കത്തയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ലെന്നും പുതുതായി വന്നവര്‍ക്കു പൗരത്വം നല്‍കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമം ഒരു രാത്രി ഒറ്റയടിക്കു കൊണ്ടുവന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ നൂറ്റിയന്‍പതാം വാര്‍ഷികത്തിന്റെ ഉദ്ഘാടനത്തിലടക്കം വിവിധ പരിപാടികളില്‍ മോദി പങ്കെടുത്തു.
നൂറ്റിയന്‍പതാം വാര്‍ഷികം പ്രമാണിച്ച് കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ പേര് മാറ്റുകയും ചെയ്തു. ഇനി ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരിലാണ് കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ് അറിയപ്പെടുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
എന്നാല്‍, പ്രധാനമന്ത്രി സംസ്ഥാനത്തെത്തിയതു മുതല്‍ വിവിധയിടങ്ങളില്‍ അദ്ദേഹത്തിനെതിരേ പ്രതിഷേധം നടക്കുന്നുണ്ട്. മോദി ഗോ ബാക്ക് എന്നടക്കം എഴുതിയ ബാനറുകളുമായി വിദ്യാര്‍ഥികളടക്കം തെരുവിലിറങ്ങിയിട്ടുണ്ട്. ഇതുകാരണം വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് അദ്ദേഹത്തിനായി ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."