പി.എഫ് വിഹിതം അടയ്ക്കാത്ത സെക്യൂരിറ്റി ഏജന്‍സിക്കെതിരേ നടപടി
ആലപ്പുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസിന്റെ ഇടപെടലിനെ തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡില്‍ നിന്നും ഇ.പി.എഫ്, ഇ.എസ്.ഐ വിഹിതം ശമ്പളത്തില്‍ നിന്നും പിടിച്ച ശേഷം അതത് സ്ഥാപനങ്ങളിലേക്ക് അടയ്ക്കാതിരുന്ന സെക്യൂരിറ്റി ഏജന്‍സിക്കെതിരേ നടപടി. ആലപ്പുഴ കാട്ടൂര്‍ സ്വദേശി പി.എസ് ബാലചന്ദ്രന്‍ പാലക്കാട് കുന്നത്തൂര്‍മേട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിക്കെതിരേ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
തന്റെ ശമ്പളത്തില്‍ നിന്നും ഈടാക്കിയ 4500 രൂപയും തൊഴിലുടമ അടയ്‌ക്കേണ്ട മൂന്ന് മാസത്തെ വിഹിതവും സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്ന് ഈടാക്കി നല്‍കണമെന്നായിരുന്നു ആവശ്യം. അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കമ്മിഷന്‍ കോഴിക്കോട് സബ് റീജിയണല്‍ അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സെക്യൂരിറ്റി ഏജന്‍സി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സ്ഥാപന ഉടമയായ രാജനെതിരേ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിക്കാരനെതിരേ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോടതിയുടെ സമന്‍സ് പ്രകാരം ഹാജരാകാതിരുന്ന ഉടമക്കെതിരേ ജാമ്യമില്ലാ വാറണ്ട് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉടമക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ച സാഹചര്യത്തില്‍ കമ്മീഷന്‍ കേസിലുള്ള തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."