സംഘര്‍ഷമൊഴിയാതെ തലസ്ഥാന ജില്ല
തിരുവനന്തപുരം : ഹര്‍ത്താലിനു ശേഷവും സംഘര്‍ഷമൊഴിയാതെ തലസ്ഥാന ജില്ല. ഇന്നലെ നെടുമങ്ങാടും നെയ്യാറ്റിന്‍കരയിലും ബോംബേറ് ഉണ്ടായി.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് നെടുമങ്ങാട് താലൂക്കിലെ വലിയമല എന്നീ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നു ദിവസത്തേക്ക് കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, ന്യായവിരുദ്ധമായ സംഘം ചേരല്‍ എന്നിക്കു നിരോധനമുണ്ട്. റൂറല്‍ എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങിയ സംഘര്‍ഷമാണ് ഇന്നലെയും തുടര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്റെ വീട് ബോംബെറിഞ്ഞു തകര്‍ത്തു. മൂന്ന് സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ബോംബ് ആക്രമണം ഉണ്ടായി.
നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഹരികേശന്‍ നായരുടെ വലിയമല ചിത്തിര എന്ന വീടിനു നേരെ ബോംബ് ഏറ് ഉണ്ടായി.
ഹരികേശന്‍ നായരുടെ വീടിന്റെ മുന്‍ വാതില്‍ ,ജനലുകള്‍ എന്നിവയും വീടിന്റെ ചുവരും തകര്‍ന്നു . ഈ വീടിനു സമീപമുള്ള എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം ഹരിയുടെ വീടിന്റെ സണ്‍ഷെഡ് ബോംബേറില്‍ തകര്‍ന്നു. സി പി എം ഖാദിബോര്‍ഡ് ബ്രാഞ്ച് സെക്രട്ടറി പ്രമോദ് ,ഡി.വൈ.എഫ്.ഐ പഴകുറ്റി മേഖല പ്രസിഡന്റ് വിഷ്ണു എന്നിവരുടെ വീടുകള്‍ക്ക് നേരെയും ബോംബ് ഏറുണ്ടായി. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. ആക്രമണം അഴിച്ചു വിടുന്ന ബി.ജെ.പി പ്രവര്‍ത്തകരെ ഉടനെ പിടികൂടണമെന്നു എല്‍.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു .
ആര്‍.എസ്.എസ് വെള്ളനാട് താലൂക്ക് കാര്യവാഹ് പനയ്‌ക്കോട് വിഷ്ണു വിന്റെ വീടിനു നേരെയും ഇന്നലെ പുലര്‍ച്ചെ ബോംബ് ഏറുണ്ടായി .ആക്രമണത്തില്‍ ബി.ജെ.പി പ്രതിഷേധിച്ചു ആക്രമണത്തിന്റെ തുടര്‍ച്ച ഉണ്ടാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പൊലിസ് ആക്രമണം നടന്ന വീടുകളിലെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു. സി.പി.എം നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി ഓഫിസിന് നേരെയും ഇന്നലെ ബോംബേറുണ്ടായി. അതിനിടെ മലയിന്‍കീഴ് ബി.എസ്.എന്‍.എല്‍ ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ഭാരതീയ വിദ്യാനികേതന്റ കീഴില്‍ പ്രവര്‍ത്തിക്കുന്ന സരസ്വതീ വിദ്യാനികേതന്‍ സ്‌കൂളിന്റെ കോമ്പൗണ്ടിനുള്ളില്‍ സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് ഉഗ്ര സ്‌ഫോടക ശേഷിയുള്ള മൂന്ന് നാടന്‍ ബോംബുകള്‍ പൊലിസ് കണ്ടെടുത്തു.
ഇന്നലെ രാവിലെ എട്ടരയോടെ മലയിന്‍കീഴ് പൊലിസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച് മതിലിനോട് ചേര്‍ന്ന് ശുചിമുറിക്ക് സമീപത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രിയിലും സ്‌കൂള്‍ പരിസരത്ത് ആയുധശേഖരം ഉള്ളതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി രണ്ടു തവണ പൊലിസ് ഇവിടെ പരിശോധന നടത്തിയിരുന്നു എങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല ശേഷമാണ് രാവിലെ ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലിസ് പരിശോധന നടത്തിയത്.സ്‌കൂള്‍ കൂടാതെ വര്‍ക്ഷോപ്പ് ,വീട് ,വാടകയ്ക്ക്മുറികള്‍ താമസത്തിനു നല്‍കിയിട്ടുണ്ട്. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളും നിരവധി ആളുകള്‍ താമസിക്കുകയും ചെയ്യുന്ന സ്ഥലത്തു പൊലിസ് സ്റ്റേഷന് വിളിപ്പാടകലെ ബോംബ് കണ്ടെത്തിയ സംഭവം രക്ഷിതാക്കളും നാട്ടുകാരിലും ആശങ്കയുണ്ടാക്കിയിരിക്കുകയാണ് .സ്‌കൂളിനുള്ളില്‍ പൊലിസ് ബോംബ് കണ്ടെത്തിയ വിവരമറിഞ്ഞ് ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ തടിച്ചുകൂടി ഇരുകൂട്ടരിലെയും ചിലര്‍ അകത്തേക്ക് പ്രവേശിച്ചത് കുറച്ചു സമയം നേരിയ വാക്തര്‍ക്കത്തിനിടയാക്കി .ഇത് പൊലിസ് ഇടപ്പെട്ടു നിയന്ത്രിച്ചുയ. അതെ സമയം രാവിലെ കണ്ടെടുത്ത ബോംബുകള്‍ പൊലിസ് സ്റ്റേഷനില്‍ എത്തിച്ചശേഷം ബോംബ് സ്‌ക്വഡിനെ വിളിച്ചുവരുത്തി നിര്‍വീര്യമാക്കി. ഇരുനൂറ്റി അമ്പത് ഗ്രാം വീതം തൂക്കമുള്ള ബോംബ് കുപ്പിച്ചില്ലും, കരിങ്കല്‍ ചീളുകളും, അമോണിയം, വെടിമരുന്ന് എന്നിവയും ചേര്‍ത്ത് തുണിയും ചേര്‍ത്ത് കെട്ടി നിര്‍മിച്ചവയാണ് ഇതില്‍ തിരി ഉണ്ടായിരുന്നില്ല.
എറിഞ്ഞ് പൊട്ടിക്കുന്നതിന്റെ മര്‍ദം അനുസരിച്ചാണ് ഇതിന്റെ സ്‌ഫോടക ശേഷി വര്‍ധിക്കുന്നതെന്ന് വിദഗ്ദ്ധ സംഘം പറഞ്ഞു. അതെ സമയം കൂടുതല്‍ പരിശോധനയ്ക്കായി ഇതിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കായി കൊണ്ട് പോയി .
പ്രീക്കെജി മുതല്‍ ഏഴാം ക്ലാസുവരെയുള്ള 300 ലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അധ്യാപകരടക്കം 14 ജീവനക്കാരുണ്ട്. ഭാരതീയ വിദ്യാനികേതന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനത്തെ കളങ്കപ്പെടുത്താനുള്ള സി.പി.എം ആസൂത്രിത ഗൂഡാലോചനയാണ് സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്ന് അവര്‍ തന്നെ ബോംബുകള്‍ കൊണ്ടുവച്ച സംഭവത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു .
അതെ സമയം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കാന്‍ ബി.ജെ.പി സ്‌കൂളുകളും ആയുധ പുരകളാക്കുന്നു എന്ന് സി.പി.എം ആരോപിച്ചു .ഉച്ചയോടെ സ്‌കൂളില്‍ ബോംബ് കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു എസ്.എഫ്.ഐ പ്രകടനം നടത്തി.
എന്നാല്‍ സ്‌കൂളില്‍ തങ്ങള്‍ക്കു അനുവദിച്ചിട്ടുള്ള സ്ഥലത്തു നിന്നല്ല ബോംബ് കണ്ടെടുത്തത് എന്നും തലേ ദിവസം പൊലിസ് പരിശോധന നടത്തിയിട്ടും കണ്ടെത്താത്ത ബോംബ് രാവിലെ കണ്ടെടുത്തു എന്ന് പൊലിസ് വന്നു പറഞ്ഞപ്പോഴാണ് അറിയുന്നത് എന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു .
മുന്നൂറോളം കുട്ടികളും പത്തു അധ്യാപകരും ഉള്‍പ്പടെ പന്ത്രണ്ടോളം ജീവനക്കാര്‍ സ്‌കൂളില്‍ ഉണ്ട്. പ്രത്യേക സാഹചര്യം നിലനില്‍ക്കുമ്പോള്‍ സ്‌കൂള്‍ പരിസരത്തു നിന്നും ബോംബ് കണ്ടെത്തിയതു വളരെ ഗൗരവമേറിയതാണ് .വിശദമായ അന്വേഷണം നടക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."