വിദേശിക്കൊപ്പം മുഖ്യമന്ത്രിയുടെ വീട് കാണാനെത്തിയ യുവാവ് റിമാന്‍ഡില്‍
തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വീട് കാണാന്‍ വിദേശിക്കൊപ്പം എത്തിയ യുവാവ് റിമാന്‍ഡില്‍. പിണറായി പുത്തന്‍കണ്ടത്തെ ഒതയോത്ത് വീട്ടില്‍ വിനോദ് കൃഷ്ണനെ (32) ആണ് അഡീഷനല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വിനോദ് കൃഷ്ണനും ഇംഗ്ലണ്ട് സ്വദേശിയായ ഫെഡറിക് ഓട്ടോയയും (22) മുഖ്യമന്ത്രിയുടെ വീടിനുമുന്നിലെ റോഡിലൂടെ പോകുന്നതിനിടെയാണ് വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്.
സംഭവം ശ്രദ്ധയില്‍പെട്ട, വീടിനു മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എ.പിയിലെ പൊലിസുകാര്‍ അറിയിച്ചതനുസരിച്ച് ധര്‍മടം പൊലിസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് കതിരൂര്‍ പൊലിസിനു കൈമാറുകയായിരുന്നു.
വിനോദ് കൃഷ്ണനെതിരേ ഫോറിനേഴ്സ് ആക്ട് പ്രകാരം കേസ് ചുമത്തി. വിദേശിയെ താമസിപ്പിക്കുമ്പോള്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന നിയമം ലഘിക്കുകയും സംഭവം പൊലിസിനെ അറിയിക്കാതിരിക്കുകയും ചെയ്തെന്ന കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്.
മെയ് 11 വരെ വിസാ കാലാവധിയുള്ള ഫെഡറിക് ഓട്ടോവിനെ അതിഥിയെന്ന നിലയില്‍ പൊലിസ് ലോഡ്ജിലേക്കു മാറ്റി.
കേരളം കാണാനെത്തിയ ഫെഡറിക് ഇതിനിടെ പരിചയപ്പെട്ട വിനോദ് കൃഷ്ണന്റെ വീട്ടിലായിരുന്നു കഴിഞ്ഞ കുറേ ദിവസമായി താമസിച്ചിരുന്നത്. അണ്ടലൂര്‍ ക്ഷേത്രോത്സവം കാണാനായിരുന്നു ഫെഡറിക് അവിടെയെത്തിയത്. നിര്‍മാണ ജോലിചെയ്യുന്ന വിനോദിനെ കാസര്‍കോട് വച്ചാണു ഫെഡറിക് പരിചയപ്പെട്ടത്.
മുഖ്യമന്ത്രിയുടെ വീട് കാണാനുള്ള കൗതുകം കൊണ്ടാണ് അവിടെയെത്തിയതെന്നു ഫെഡറിക് വെളിപ്പെടുത്തിയിരുന്നു. കൂത്തുപറമ്പ് സി.ഐ യു പ്രേമനാണു കേസന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."