മനയത്തുശേരി തോട്ടിലെ നീരൊഴുക്ക് പുനഃസ്ഥാപിച്ച് പുതിയ റോഡ് നിര്‍മാണം തുടങ്ങി
മണ്ണഞ്ചേരി: മൂന്നാഴ്ചയായി മണ്ണഞ്ചേരിയില്‍ വിവാദമുയര്‍ത്തിയ മനയത്തുശേരിതോട്ടിലെ നീരൊഴുക്ക് പുനഃസ്ഥാപിച്ച് പുതിയ റോഡുനിര്‍മാണം തുടങ്ങി.
ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം രാവിലെ തന്നെ വന്‍ പൊലിസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് റോഡിന്റെ പുനര്‍നിര്‍മ്മാണം നടക്കുന്നത്.
കഴിഞ്ഞ രണ്ടാംതിയതിയായിരുന്നു വിവാദത്തിനിടനല്‍കിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തുടക്കം.
പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ ജനപ്രതിനിധികളും ഇന്നലെ പ്രദേശം സന്ദര്‍ശിച്ചിരുന്നു. നിലവില്‍ 41 മീറ്റര്‍ ഭാഗത്താണ് തോട് നികത്തിയിട്ടുള്ളത്. ഇത് പൂര്‍ണമായും പഴയസ്ഥിതിയാക്കും. വലിപ്പമുള്ള 16 പൈപ്പുകള്‍ നീരൊഴുക്കിനായി സ്ഥാപിച്ച് നാലുമീറ്റര്‍ വീതിയുള്ള റോഡാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ഇതിനെ നാല് ലക്ഷത്തോളം രൂപ ചിലവുവരുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ പദ്ധതി രൂപികരണ സമയത്ത് അഞ്ചുലക്ഷം രൂപയുടെ നിര്‍മാണം വാര്‍ഡുകളില്‍ നടത്തുന്നതരത്തില്‍ ഒരോ റോഡുകള്‍ നിര്‍ദേശിക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ പ്രശ്‌നം ഉണ്ടായ അഞ്ചാം വാര്‍ഡിലെ പഞ്ചായത്ത് അംഗം വിവാദമുയര്‍ത്തിയ റോഡിന്റെ പേര് നിര്‍ദേശിച്ചിരുന്നില്ല. അതിനാല്‍ ഈ റോഡിന്റെ നിര്‍മ്മാണത്തിനായി പഞ്ചായത്ത് സമിതി പ്രത്യേകമായി ഫണ്ട് കണ്ടെത്തുകയായിരുന്നെന്ന് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ് സന്തോഷ് കുമാര്‍ പറഞ്ഞു.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ്,വൈസ്പ്രസിഡന്റ് മഞ്ചുരതികുമാര്‍,ജില്ലാപഞ്ചായത്തംഗം പി.എ.ജുമൈലത്ത്,ഡി.സി.സിഉപാദ്ധ്യക്ഷനും പ്രതിപക്ഷനേതാവുമായ കെ.വി.മേഘനാഥന്‍,നവാസ്,ഷെഫീഖ് എന്നിവര്‍ നേതൃത്വംനല്‍കി.
ഡിവൈ.എസ്.പി വൈ.എ റസ്റ്റം,സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ജെ ഉമേഷ്‌കുമാര്‍,എസ്.ഐ കെ രാജന്‍ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സന്നാഹമാണ് ഇവിടെ നിലയുറപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."